pic

കൊല്ലം: പത്തനാപുരത്ത് താലൂക്ക് ആശുപത്രി എവിടെ നിർമിക്കുമെന്ന രാഷ്ട്രീയ വിവാദം കത്തുന്നതിനിടെ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പുറത്ത്. സാമൂഹികാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്ന നിലവിലെ സ്ഥലത്ത് പുതിയ താലൂക്ക് ആശുപത്രി നിർമിക്കാൻ സാധിക്കില്ലെന്നാണ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

താലൂക്ക് ആശുപത്രിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം പിടവൂരിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന രണ്ടേക്കർ ഭൂമിയാണന്നും സർക്കാർ ഏജൻസിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സർക്കാർ ഏജൻസിയായ ഇൻക്വലിലെ ജീവനക്കാരും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് പത്തനാപുരത്തും പിടവൂരിലുമുള്ള ഭൂമിയെക്കുറിച്ച് വ്യക്തമായ പഠനം നടത്തിയത്. ഇൻക്വൽ സമർപ്പിച്ച റിപ്പോർട്ടനുസരിച്ചുതന്നെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സാദ്ധ്യത.

നിലവിൽ പ്രവർത്തിച്ച് വരുന്ന ആശുപത്രി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി അവിടെ തന്നെ നിലനിൽക്കുകയും ചെയ്യും. വിവരാവകാശ രേഖകൾ പ്രകാരം ലഭിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കെ.ബി.ഗണേശ് കുമാർ എം.എൽ.എയും സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും താലൂക്ക് ആശുപത്രിയുടെ കാര്യത്തിൽ വിരുദ്ധ അഭിപ്രായങ്ങളിലാണ്. തർക്കം പരസ്യമായി പ്രകടമമാവുകയും ചെയ്തു.

പുതിയ ആശുപത്രി സമുച്ചയത്തിനും അനുബന്ധ ഉപകരണങ്ങൾക്കുമാണ് 76 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുള്ളത്. ഭൂമിയുടെ ഘടന, യാത്രാ മാർഗങ്ങൾ, മാലിന്യ സംസ്കരണം തുടങ്ങി ഒട്ടേറേ മേഖലകളിലെ പഠനത്തിലൂടെയാണ് പിടവൂരിലെ സ്ഥലം ആശുപത്രിക്ക് ഗുണകരമാണെന്ന് മുഖ്യമന്ത്രി നിയോഗിച്ച ഏജൻസി കണ്ടെത്തിയത്.