
ഈ ഗൊറില്ലയെ തിന്നുതീർക്കാമോ? ഹേയ് ഗൊറില്ലയെ ആരും തിന്നാറില്ലല്ലോ. പക്ഷേ അത് ശരിക്കുള്ള ഗൊറില്ലയല്ല ഒരു ശിൽപ്പമാണെങ്കിലോ? ശിൽപ്പമാണേലും എങ്ങനെ തിന്നും? ശില്പങ്ങൾ കൂടുതലും മരം കൊണ്ടോ അല്ലെങ്കിൽ എന്തെങ്കിലും ലോഹം കൊണ്ടോ നിർമിച്ചവ ആയിരിക്കും.അപ്പോൾ തിന്നാൻ പറ്റില്ല . എന്നാൽ ഈ ഗൊറില്ലയെ തയ്യാറാക്കിയിരിക്കുന്നത് ഇതൊന്നും കൊണ്ടല്ല. ചോക്ലേറ്റിലാണ് ഈ ശിൽപം പൂർണമായും നിർമിച്ചിരിക്കുന്നത്.
ലാസ് വെഗാസിൽ പ്രവർത്തിക്കുന്ന പേസ്ട്രി ഷെഫ് അമൗറി ഗുയിചോൻ ആണ് ചോക്ക്ലേറ്റിൽ തീർത്ത ഈ ഗൊറില്ല ശില്പത്തിന് പിന്നിൽ. ഏകദേശം 45 കിലോഗ്രാം മിൽക്കും ഡാർക്ക് ചോക്ലേറ്റും ഉപയോഗിച്ചാണ് അമൗറി ഗുയിചോൻ നാലടി നീളമുള്ള ഈ ചോക്ലേറ്റ് ഗൊറില്ലയെ നിർമിച്ചിരിക്കുന്നത്. ബ്രൗൺ നിറത്തിലുള്ള ഗൊറില്ല മാത്രമല്ല അത് പ്രതിഷ്ഠിച്ചിരിക്കുന്ന ബേസും ചോക്ലേറ്റിൽ ആണ് തീർത്തിരിക്കുന്നത്. ചുവപ്പു നിറത്തിലുള്ള ഗൊറില്ലയുടെ വായ്ഭാഗവും, വെള്ള നിറത്തിലുള്ള പല്ലുകളുമെല്ലാം ചോക്കലേറ്റിൽ തന്നെ തീർത്തതാണ്.
ചോക്ലേറ്റ് ഗൊറില്ലയുടെ നിർമാണത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള കാര്യങ്ങൾ ഒരു ഹ്രസ്വ വീഡിയോ ആയി അമൗറി ഗുയിചോൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡാർക്ക് ചോക്ലറ്റ് ആയതുകൊണ്ടുതന്നെ വിഡിയോയിൽ കൈകാര്യം ചെയ്യുന്നത് ചോക്കലേറ്റിന് പകരം കളിമണ്ണാണ് പലപ്പോഴും തോന്നിപ്പോവും. ഒരു മിനുറ്റിനടുത്ത് ദൈർഖ്യമുള്ള വീഡിയോ ആണ്. ഈ മാസത്തിന്റെ തുടക്കത്തിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വമ്പൻ പ്രതികരണം ആണ് ലഭിക്കുന്നത്. ഈ ചോക്ലേറ്റ് ശില്പത്തിന്റെ ഭാവി എന്താകും എന്നാണ് ചിലർ തലപുകയ്ക്കുന്നത്. “ഇത് കഴിക്കുമോ? മറ്റ് ഉപയോഗത്തിനായി നിങ്ങൾ വീണ്ടും ചോക്ലേറ്റ് ഉരുകുന്നുണ്ടോ? ഇങ്ങനെ പോകുന്നു ചോദ്യങ്ങൾ.