ന്യൂഡൽഹി: സമാധാനം നിലനിർത്താൻ രാജ്യം എപ്പോഴും ശ്രമിക്കുമെന്നും, ഗാൽവാൻ താഴ്‌വരയിലെ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും വ്യോമസേന മേധാവി ആർ.കെ.എസ് ഭദൗരിയ പറഞ്ഞു. ഹൈദരാബാദിന് സമീപമുള്ള വ്യോമസേന അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ഇന്ത്യയുടെ പരമാധികാരം എന്തുവിലകൊടുത്തും സംരക്ഷിക്കാനുള്ള ദൃഢനിശ്ചയമാണ് സൈനികരുടെ ത്യാഗം പ്രകടമാക്കുന്നത്. ഇരുപത് സൈനികർ ഇന്ത്യയ്ക്കായി ജീവൻ നൽകി. ആ ജീവത്യാഗം വെറുതെയാകില്ല'അദ്ദേഹം വ്യക്തമാക്കി.
അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും, എന്ത് പ്രകോപനവും നേരിടാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ 40 ഓളം ചൈനീസ് സൈനികരും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി റിപ്പോർട്ട് ഉണ്ട്.