india

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഗാൽവാൻ താഴ്‌വരയിൽ ചൈന നടത്തിയ ഏറ്റുമുട്ടലുകൾക്കു പിന്നാലെ പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിലും സംഘർഷം മൂർധന്യാവസ്ഥയിലെന്ന് റിപ്പോർട്ട്. മലനിരകളിൽ ഇന്ത്യൻ മണ്ണിൽ എട്ട് കിലോമീറ്ററോളം കടന്നുകയറിയ ചൈനീസ് സേന അവിടെ ദീർഘനാൾ നിലയുറപ്പിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതത്രേ.

ഗാൽവാനിൽ നിന്ന് പാംഗോങ്ങിലേക്കുള്ള ദൂരം 110 കിലോമീറ്ററാണ്. മലനിരകളുള്ള പാംഗോങ്ങിൽ നാലാം മലനിര വരെയാണ് ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്. 62 ഇടങ്ങളിലായി സൈനികരെ പാർപ്പിക്കുന്നതിനു മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ടെന്നാണു വിവരം.


ആദ്യം ആക്രമണം നടത്തിയത് ഇന്ത്യയാണെന്ന് ആവർത്തിച്ച് ചൈന രംഗത്തെത്തി. നിയന്ത്രണ രേഖ കടന്ന് ഇന്ത്യ റോഡ് നിർമ്മാണം നടത്തിയെന്നും, അതിർത്തിയിലെ സ്ഥിരത ഇല്ലാതാക്കിയ നടപടിയാണിതെന്നും ചൈനീസ് വിദേശകാര്യ വക്താവ് കുറ്റപ്പെടുത്തി. ഗാൽവാൻ താഴ്‌വര വർഷങ്ങളായി ചൈനയുടേതാണെന്നും വാർത്താക്കുറിപ്പിൽ ചൈനീസ് വക്താവ് അവകാശപ്പെട്ടു.