kota

ജയ്പൂർ: ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലായിരുന്ന രോഗിയുടെ ബന്ധുക്കൾ ചൂടകറ്റാൻ എയർകൂളർ ഓൺചെയ്തത് അതേ വെന്റിലേറ്ററിന്റെ പ്ളഗ് ഊരിമാറ്റിയിട്ട്. തുടർന്ന് നാല്പത്കാരനായ രോഗി മരണമടഞ്ഞു. രാജസ്ഥാനിലെ കോട്ടയിലുള്ള മഹാറാവു ഭീംസിംഗ് ആശുപത്രിയിൽ കൊവിഡ് സംശയത്തെ തുടർന്ന് കഴിഞ്ഞ 13നാണ് ഇയാളെ പ്രവേശിപ്പിച്ചത്. ഫലം വന്നപ്പോൾ നെഗറ്റീവ് ആയതോടെ ഇയാളെ 15ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അതേവാർഡിൽ മറ്റൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ് ഇതിന് കാരണം.

ഈ വാർഡിൽ ഉഷ്ണം വളരെ കൂടുതലായതിനാൽ ഇയാളുടെ ബന്ധുക്കൾ വീട്ടിൽ നിന്നും എയർകൂളർ കൊണ്ടുവന്നിരുന്നു. എന്നാൽ എയർകൂളർ പ്രവർത്തിപ്പിക്കാൻ പ്ളഗ് പോയിന്റ് കാണാതെ വന്നതോടെ ഇവർ വെന്റിലേറ്ററിന്റെ പ്ളഗ് ഊരി മാറ്റി എയർകൂളർ ഓൺചെയ്തു.തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗി മരണമടഞ്ഞു. സംഭവത്തെ തുടർന്ന് കോപാലകുലരായ ബന്ധുക്കൾ ആശുപത്രിയിലെ ഡോക്ടർമാരോടും മറ്റ് ജീവനക്കാരോടും മോശമായി പെരുമാറിയെന്ന് ഇവർ അറിയിച്ചു.

സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതർ അന്വേഷണത്തിന് മൂന്നംഗ കമ്മിറ്റിയെ നിയമിച്ചു. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയെന്നും സംഭവത്തിന് ഉത്തരവാദിയായവർക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.നവീൻ സക്‌സേന അറിയിച്ചു.