nedumangad

കോട്ടയം: കോളിളക്കം സൃഷ്ടിച്ച നെടുങ്കണ്ടം ഉരുട്ടിക്കൊലപാതക കേസിന് നാളെ ഒരു വയസ്. ലോക്കൽ പൊലീസും, ക്രൈംബ്രാഞ്ചും അന്വേഷിച്ച ഈ കേസ് ഇപ്പോൾ സി.ബി.ഐയുടെ പക്കലാണ്. നെടുങ്കണ്ടം എസ്.ഐ കെ.എ സാബു അടക്കം ഏഴു പേർ സസ്പെൻഷനിലായി.

നെടുങ്കണ്ടം തൂക്കുപാലത്തുള്ള ഹരിത ഫിനാൻസ് സ്ഥാപനം നടത്തിയിരുന്ന വാഗമൺ കോലാഹലമേട് കസ്തൂരിഭവനിൽ രാജ്കുമാർ (53) പീരുമേട് സബ്ജയിലിൽ കഴിയവെയാണ് മരിച്ചത്. അറസ്റ്റ് രേഖപ്പെടുത്താതെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽവച്ചും, പുറത്തുവച്ചും മർദ്ദനത്തിന് ഇരയായ രാജ്കുമാർ 2019 ജൂൺ 21നാണ് മരിച്ചത്.

2019 ജൂൺ 12നാണ് രാജ്കുമാറിനെ നെടുങ്കണ്ടം എസ്.ഐ കെ.എ സാബു പിടിച്ചുകൊണ്ടു വന്നത്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. രാജ്കുമാറിനെ പിടിച്ചുകൊണ്ടു പോവുന്നതോടൊപ്പം, ഹരിത ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരായ ആലപ്പുഴ തോണക്കാട് മഞ്ഞപ്പള്ളിൽ ശാലിനി ഹരിദാസ് (43), തൂക്കുപാലം മുരുകൻപാറ വെട്ടിപ്പറമ്പിൽ മഞ്ജു (33) എന്നിവരെ സാമ്പിത്തിക തട്ടിപ്പിന് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

എന്നാൽ, തട്ടിച്ചെടുത്ത പണം എവിടെയെന്ന് അറിയാനും, തിരിച്ചുപിടിക്കാനുമായി രാജ്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്താതെ കിരാത മർദ്ദനമുറ പ്രയോഗിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. രാജ്കുമാറിന്റെ കാലുകളിലെ മസിൽ റൂൾതടി ഉപയോഗിച്ചുള്ള ഉരുട്ടലിൽ എല്ലിൽനിന്നും വേർപെട്ടിരുന്നതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. കൂടുതൽ പരിക്കുകൾ സംഭവിച്ചതോടെ പൊലീസുകാർ നാട്ടുവൈദ്യനെ സ്റ്റേഷനിൽ കൊണ്ടുവന്ന് തിരുമിക്കുകയും, ചികിത്സ നടത്തുകയും ചെയ്തിരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സ്റ്റേഷന്റെ മുകളിലത്തെ പൊലീസുകാരുടെ വിശ്രമ മുറിയിൽവച്ച് കിരാത മർദ്ദനത്തിനിരയാക്കിയതാകാമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായിരുന്നു. 16നാണ് രാജ്കുമാറിനെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് പീരുമേട് സബ് ജയിലിൽ റിമാൻഡിലായി.

21ന് അസുഖം രൂക്ഷമായതിനെ തുടർന്ന് ഇയാളെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഇതിനിടയിൽ 13ന് സ്റ്റേഷൻ ജാമ്യം നൽകി രാജ്കുമാറിനെ വിട്ടയച്ചതായി കൃത്രിമ രേഖ ഉണ്ടാക്കി കേസിൽ നിന്നും രക്ഷപ്പെടാൻ പൊലീസ് ശ്രമിച്ചിരുന്നു.

ശരീരത്തിൽ ഏറ്റ മർദ്ദനമാണ് രാജ്കുമാറിന്റെ മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതോടെ അന്നത്തെ ഇടുക്കി ജില്ലാ പൊലീസ് മേധാവി എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും, അഞ്ചു പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ എസ്.ഐ സാബു, എ.എസ്.ഐ സി.ബി റെജിമോൻ, പൊലീസ് ഡ്രൈവർമാരായ സജീവ് ആന്റണി, പി.എസ് നിയാസ്, എ.എസ്.ഐ റൈറ്റർ റോയി പി.വർഗീസ്, സി.പി.ഒ ജിതിൻ കെ.ജോർജ്, ഹോംഗാർഡ് കെ.എം ജയിംസ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.