കോട്ടയം: മധുസൂദനന് ഡോക്ടറാവണമെന്ന് അതിമോഹമായിരുന്നു. വർഷങ്ങളോളം മനസിൽ താലോലിച്ച സുന്ദരസ്വപ്നം പൂർത്തിയാക്കാൻ അവസാനം ഒരു ഡോക്ടറുടെ കോട്ട് കവർന്നു. ഒപ്പം സ്റ്റെതസ്കോപ്പും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റെതസ്കോപ്പ് കഴുത്തിലണിഞ്ഞ് റോന്തുചുറ്റി. അവസാനം പൊലീസ് പൊക്കി.
കുറിച്ചി സചിവോത്തമപുരം സ്വദേശി മധുസൂദനനാണ് (48) ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായത്. ആശുപത്രിയിലെത്തിയ ചില രോഗികളാണ് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിച്ചത്. തുടർന്ന് എയ്ഡ്പോസ്റ്റിലെ പൊലീസുകാർ എത്തി ഇയാളെ ചോദ്യം ചെയ്തു. അപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഗാന്ധിനഗർ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് തന്റെ ചിരകാല ആഗ്രഹം സഫലമാക്കാനാണ് കോട്ട് അണിഞ്ഞതെന്നും താൻ ആരെയും ചികിത്സിക്കുകയോ തട്ടിപ്പ് നടത്തുകയോ ചെയ്തിട്ടില്ലെന്നും ഇയാൾ പറഞ്ഞു. ഇതോടെ പെറ്റികേസ് രജിസ്റ്റർ ചെയ്ത് മുന്നറിയിപ്പ് നല്കി പറഞ്ഞയയ്ക്കുകയായിരുന്നു.