mask-

സമൂഹമെന്ന നിലയിൽ മനുഷ്യൻ വിനാശ കാലത്തെ അതിജീവിയ്ക്കുന്നതെങ്ങിനെ എന്നത് സ്‌പെൻസറും ഡർക്കെയിമും മുതൽ ഇന്നു വരെയുള്ള സാമൂഹ്യ ശാസ്ത്രജ്ഞർ പഠന വിഷയമാക്കിയിട്ടുണ്ട്. 2014 ൽ ലീ ക്രോങ്ക് എന്ന റൂട്ട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ നരവംശ ശാസ്ത്രജ്ഞനും അഥീന അക്ടിപിസ് എന്ന അരിസോണ യൂണിവേഴ്‌സിറ്റിയിലെ മന:ശ്ശാസ്ത്രജ്ഞയും ചേർന്ന് 'മനുഷ്യ വിശാല മനസ്‌കതാ പഠനം' നടത്തുകയുണ്ടായി. അവരുടെ പഠന ഫലം സൂചിപ്പിക്കുന്നത് പരസ്പരം ആപത്ഘട്ടങ്ങളിൽ സഹായിക്കുന്ന സമൂഹങ്ങൾക്കാണ് നിലനിൽപ്പിനുള്ള സാധ്യത കൂടുതൽ എന്നാണ്. അവർ നിരത്തുന്ന ഒരു ഉദാഹരണമാണ് കെനിയയിലെ മസായി വിഭാഗക്കാരുടെ ഇടയിലുള്ള 'ഒസോട്ടുവ' (പൊക്കിൾക്കൊടി) വലയം. ഒരാൾക്ക് ആവശ്യം വന്നാൽ ഉപാധികളില്ലാതെ തന്നെ മറ്റുള്ളവർ അറിഞ്ഞു സഹായിക്കുന്നു. ആവശ്യം വരുമ്പോൾ സഹായം ലഭിക്കുമെന്നു കണക്കാക്കി ആധുനിക മനുഷ്യൻ ആവിഷ്‌ക്കരിച്ചിരിയ്ക്കുന്ന ഇൻഷുറൻസ് പദ്ധതികളേക്കാൾ സമൂഹത്തെ നിലനിറുത്താൻ സഹായകമാകുന്നത് ഇത്തരം ബന്ധങ്ങളാണത്രേ.


വാൾട്ട് വിറ്റ്മാൻ (1876) 'ഈ മുഖാവരണത്തിന്റെ പിന്നിൽ നിന്നു പുറത്തേ യ്ക്ക്' എന്ന തന്റെ കവിതയിൽ മുഖാവരണത്തെ ഒരു ബിംബമായി ഉപയോഗിച്ചിരിയ്ക്കുന്നു. നാമെല്ലാം നമ്മുടെ ഉള്ളിലാണു കൂടുതൽ വ്യത്യസ്തതയോടെ ജീവിയ്ക്കുന്നതെന്നും പുറമേയ്ക്ക് എല്ലാവരും ഏതാണ്ട് ഒരു പോലെ മുഖാവരണമണിഞ്ഞു പ്രത്യക്ഷപ്പെടുന്നവരാണെന്നും കവിത സൂചിപ്പിയ്ക്കുന്നു. സമൂഹം നൽകുന്ന മുഖാവരണത്തിൽ നിന്നു രക്ഷപ്പെട്ടു പുറത്തു ചാടാനാഗ്രഹിക്കുന്നവരാണു മനുഷ്യർ എന്നു ആമി ലോവെല്ലിന്റെ മാതൃകകൾ എന്ന കവിതയും പറഞ്ഞുവയ്ക്കുന്നു. നാടകങ്ങളിലും നോവലുകളിലും അനുഷ്ഠാന കലകളിലുമൊക്കെ മുഖാവരണങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. കഥകളിയിൽ പച്ച, കത്തി, മിനുക്ക് എന്നിങ്ങനെയുള്ള മുഖാവരണം കഥാപാത്രത്തിന്റെ സ്വഭാവവിശേഷത്തെപ്പറ്റി നമുക്ക് സൂചന തരുന്നു.


എല്ലാവരും പുറത്തിറങ്ങുമ്പോഴും പണിസ്ഥലത്തും മാസ്‌കു ധരിക്കുന്നതു നിർബന്ധമാക്കി നിയമം കൊണ്ടുവന്നിരിയ്ക്കുന്ന ഇക്കാലത്ത് മാസ്‌കു ധരിയ്ക്കുന്നത് അവനവനോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തമാണ്. വിവിധ തരം മാസ്‌കുകൾ എത്ര മാത്രം സുരക്ഷ ധരിക്കുന്നവർക്കും ചുറ്റുമുള്ളവർക്കും നൽകും എന്ന കാര്യം ഇന്നു ചർച്ചാ വിഷയവും ഗവേഷണ വിഷയവുമാണ്.


രണ്ടു ഹെയർ സ്റ്റൈലിസ്റ്റുകൾക്ക് കൊവിഡ്സ്ഥിരീകരിച്ചതിനെതുടർന്ന് അവരുടെ ഉപഭോക്താക്കളായ 150 പേർ ക്വാറന്റയിനിൽ പോയി എന്നും എന്നാൽ അവർക്കാർക്കും കൊവിഡ്ബാധിച്ചില്ലെന്നുമുള്ള ശുഭവാർത്ത കണ്ടു. ഹെയർ സ്റ്റൈലിസ്റ്റുകളും ഉപഭോക്താക്കളും ഒരു പോലെ മുൻകരുതലുകളെല്ലാമെടുക്കുകയും മാസ്‌കു ധരിക്കുകയും ചെയ്തതുകൊണ്ടാണ് ഈ ശുഭഫലം ലഭിച്ചത്. എത്ര ആശാവഹമായ വാർത്ത! നാമോരോരുത്തരും സാമൂഹിക അകലം പാലിയ്ക്കുകയും കൈയും പരിസരവും പൊതു ശുചിമുറികളും പൊതു വാഹനങ്ങളുമെല്ലാം നിരന്തരം വൃത്തിയാക്കുകയും ശരിയായി മാസ്‌കു ധരിക്കുകയും ചെയ്താ ൽ രോഗം പടരുന്നത് ഒഴിവാക്കാം. ലക്ഷണങ്ങളില്ലാതെ 80% ആളുകൾക്ക് ബാധിയ്ക്കുന്ന ഈ രോഗത്തിൽ നിന്നു രക്ഷപ്പെടാൻ തൽക്കാലം ഇതുതന്നെ മാർഗ്ഗം. വലിയ ബുദ്ധിമുട്ടുകളില്ലാത്ത മാർഗ്ഗവുമാണിത്.


മാസ്‌ക് ധരിയ്ക്കുന്നത് പോലീസ് പിടിയ്ക്കാതിരിയ്ക്കാനാണെന്നാണ് ചിലരുടെ ഭാവം. കണ്ഠാഭരണമായും കർണ്ണാഭരണമായും ഒക്കെ മാസ്‌കു ധരി യ്ക്കുന്നവർ സുലഭം. മെഡിക്കൽ ഷോപ്പിലും പുസ്തകക്കടയിലും എന്തിന് സ്വർ ണ്ണക്കടയിൽ പോലും യാതൊരു സാമൂഹിക അകലവും പാലിയ്ക്കാതെ തിക്കിത്തിരക്കി കുഞ്ഞുങ്ങളെ കൈയ്യിലേന്തി വരെ ആളുകൾ! ഈ കടകളുടെ ക്യാഷ് കൗണ്ടറിലിരിയ്ക്കുന്നവരുടെ കഴുത്തിൽ മാസ്‌ക് തൂക്കിയിട്ടിട്ടുണ്ട്. ഇതിലൊരാൾ തുമ്മലു വന്നപ്പോൾ പെട്ടെന്നു മാസ്‌ക് കഴുത്തിലേയ്ക്കു വലിച്ചു താഴ്ത്തിയശേഷം ഉറക്കെ തുമ്മുന്നതും കണ്ടു! ഇതിന് ഇന്നു ബോംബിനെക്കാളധികം പ്രഹര ശേഷിയുണ്ടെന്ന് അറിയാതെ സന്തോഷത്തോടെ ചുറ്റും ആളുകൾ! ചിലർക്ക് സംസാരിയ്ക്കണമെങ്കിൽ മാസ്‌ക് താഴ്ത്തിവയ്ക്കണമെന്നു നിർബന്ധമാണ്. ഒരാൾ ഉറക്കെ സംസാരിയ്ക്കുമ്പോൾ ഏറെ ദൂരത്തേയ്ക്ക് രോഗാണുക്കളെ സ്‌പ്രേ ചെയ്യും എന്നു ശാസ്ത്രം പറയുന്നു. മാസ്‌ക് ധരിയ്ക്കണമെന്ന നിയമം നിരന്തരം ലംഘിയ്ക്കുന്ന ഇവർക്കാർക്കും ഒരു വലിയ കുറ്റം ചെയ്യുന്നു എന്ന തോന്നലേയില്ല. ഒരു ജനതയുടെ അച്ചടക്കശീലം അതിന്റെ നിലനിൽപ്പിനെ സഹായിക്കുന്നതാണ്.
അതീവ ഗുരുതരമായ ഇന്നത്തെ സാഹചര്യത്തിൽ കൊറോണ വൈറസുകൾ പുതിയ ഇരകളെ നിഷ്പ്രയാസം കണ്ടെത്തി ലോകം കീഴടക്കിക്കൊണ്ടിരിയ്ക്കുകയാണ്. ഇതിനെതിരെ ആരോഗ്യപ്രവർത്തകർ പോരാടുകയാണ്. ജനങ്ങൾ തന്നെ പരസ്പരം കാവലാളാകുവാൻ സഹായകമാകുന്ന ഏറ്റവും ലളിതമായ മാർഗ്ഗമാണ് മാസ്‌ക് ധാരണം. എന്നിട്ടും നമ്മളെന്തിനാണ്. നമ്മളെത്തന്നെ പറ്റിയ്ക്കുന്നത്?


ചുരുങ്ങിയത് ആറുമാസത്തേയ്‌ക്കെങ്കിലും ഇന്ത്യയിൽ വൈറസുകളുടെ ആക്രമണം ശക്തമായി തുടർന്നേയ്ക്കുമെന്ന് ശാസ്ത്രീയമായ മുന്നറിയിപ്പുകളുണ്ട്. എന്നിട്ടും ശരിയായ രീതിയിൽ മാസ്‌ക് ധരിയ്ക്കുന്നത് ജനതയുടെ ശീലമാകുന്നില്ലെങ്കിൽ അതിനു വലിയ വില നാം നൽകേണ്ടിവരും.
എല്ലാവരും ശരിയായി മാസ്‌ക് ധരിയ്ക്കുന്നത് ശീലമാക്കുമെന്നു പ്രത്യാശിയ്ക്കുന്നു. മുഖാവരണത്തിന്റെ പിന്നിൽ നിന്നു പുറത്തേയ്ക്കു കടക്കാൻ സമയമായിട്ടില്ല.