1. തലസ്ഥാനം അതീവ ജാഗ്രതയിലേക്ക്. നിയന്ത്രണങ്ങള്‍ കര്‍ശനം ആക്കണം എന്ന് റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റേത് ആണ് റിപ്പോര്‍ട്ട്. സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗ ബാധിതര്‍ ആവുന്നവരുടെ എണ്ണം കൂടുന്നതില്‍ സര്‍ക്കാരിന് ആശങ്ക. തിരുവനന്തപുരത്ത് 10 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 10 എണ്ണം സമ്പര്‍ക്കത്തിലൂടെ പകര്‍ന്നവയാണ്. സമൂഹ വ്യാപന ഭീഷണിയുടെ വക്കിലാണോ എന്ന ആശങ്ക തലസ്ഥാനത്ത് ശക്തമാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് രോഗം പകര്‍ന്നത് എങ്ങനെയെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവര്‍ ഒട്ടേറെ പേരും ആയി ഇടപഴകി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ശേഷവും നിരവധി പേരും ആയി സമ്പര്‍ക്കം പുലര്‍ത്തി. ഇതിനാല്‍ തന്നെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളി ആയി തുടരുക ആണ്. മെഡിക്കല്‍ കോളജിലെ നഴ്സിംഗ് അസിസ്റ്റന്റ്, കാട്ടാക്കടയിലെ ആശാ വര്‍ക്കര്‍, പാപ്പനംകോട് ഡിപ്പോയിലെ കെ.എസ.്ആര്‍.ടി.സി ഡ്രൈവര്‍, മണക്കാട്ടെ മൊബൈല്‍ ഷോപ്പുടമ എന്നിവരുടെ കാര്യത്തിലും ഉറവിടം അറിയില്ല. 15ന് മരിച്ച വഞ്ചിയൂര്‍ സ്വദേശി രമേശനും എവിടെ നിന്ന് രോഗം ബാധിച്ചു എന്ന് അവ്യക്തം.
2. കാസര്‍കോട് ജില്ലയിലെ പള്ളികളില്‍ നടക്കുന്ന ജുമുഅ നമസ്‌കാരങ്ങളില്‍ 50-ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്ന് കൊവിഡ് പ്രതിരോധ യോഗത്തില്‍ തീരുമാനിച്ചതായി ജില്ലാ ഭരണകൂടം. എന്നാല്‍ കൊവിഡ് പ്രതിരോധ യോഗത്തില്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. കണ്ണൂരില്‍ ഉറവിടം അറിയാത്ത രോഗ ബാധിതരുടെ സമ്പര്‍ക്കം കണ്ടെത്തുക അതീവ ദുഷ്‌കരം എന്ന് ജില്ലാ കളക്ടര്‍. മരിച്ച എക്‌സൈസ് ഡ്രൈവര്‍ക്കും നഗരത്തിലെ 14 കാരനും രോഗം എവിടെ നിന്നു ബാധിച്ചു എന്നതില്‍ വ്യക്തത ഇല്ല. ഇവരുടെ സമ്പര്‍ക്ക പട്ടിക വലുതായതും ആശങ്ക ഉളവാക്കുന്നുണ്ട്
3. അതേസമയം, കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്നും കോവിഡ് ബാധിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ എത്തി. രണ്ട് ദിവസം മുമ്പാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ എത്തിയത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ കോടതിയില്‍ എത്തിയ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് കൈമാറിയതായും വിവരമുണ്ട്. എസ്.ബി.ഐ എന്‍ട്രി വഴി പ്രവേശിച്ച ഉദ്യോഗസ്ഥന്‍ കൗണ്ടറിലുള്ള പേന ഉപയോഗിച്ചതായും പിന്നീട് ഒന്നാം നിലയില്‍ എത്തിയതായും പറയുന്നു. ഇത് പ്രകാരം ജസ്റ്റിസ് സുനില്‍ തോമസും കോടതി ജീവനക്കാരും സര്‍ക്കാര്‍ അഭിഭാഷകരും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശമുണ്ട്. കോടതിയില്‍ നിന്ന് പുറത്തുകടന്ന ഉദ്യോഗസ്ഥന്‍ തൊട്ടടുത്ത ഇന്ത്യന്‍ കോഫി ഹൗസില്‍ പോയതായും വിവരമുണ്ട്
4.നിപ സമയത്ത് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതിരുന്ന ആളാണു അന്നത്തെ വടകര എം.പി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന് നഴ്സ് ലിനിയയുടെ ഭര്‍ത്താവ് സജീഷ്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ആണ് സജീഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മത്രമാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. നിപ്പറാണി ആകാനും കൊവിഡ് രാജകുമാരി ആകാനും ആണ് ടീച്ചര്‍ ശ്രമിക്കുന്നത് എന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. അന്ന് ആരോഗ്യ പ്രവര്‍ത്തകരെയും നാടിനെയും നയിച്ചതും ആ ഘട്ടത്തിലും ശേഷവും ധൈരവ്യവും ആശ്വാസവും പകര്‍ന്നതും ശൈലജ ടീച്ചറാണ് എന്നും, മുല്ലപ്പള്ളിയുടെ പ്രസ്താവന നീചവും വേദനപ്പിക്കുന്നതും ആണ് എന്നും സജീഷ് പറഞ്ഞു. ടീച്ചറുടെ ആസ്വസ വാക്കുകളണ് ആത്മവിസ്വാസം തന്നത് എന്നും സജീഷ് പറഞ്ഞു.അതേസമയം, ആരോഗ്യ മന്ത്രി കെകെ ഷൈലജയ്ക്ക് എതിരായ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രതികരണം പിന്നീടെന്ന് കെ.സി വേണുഗോപാല്‍. തന്റെ പി.സി.സി പ്രസിഡന്റ് എന്താണ് പറഞ്ഞതെന്ന് നേരിട്ട് ചോദിക്കാതെ പ്രതികരണത്തിനില്ല. മുല്ലപ്പള്ളിയോട് വിവരങ്ങള്‍ ആരാഞ്ഞ ശേഷം പ്രതികരിക്കാമെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
5.കൊവിഡ് 19 സ്ഥിരീകരിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സ ലഭ്യമാക്കാന്‍ സത്യേന്ദ്ര ജയിനെ സാകേത് മാക്സ് ആശുപത്രിയിലേക്ക് മാറ്റി. ശ്വാസ കോശത്തില്‍ അണുബാധ വര്‍ധിച്ചതിനാല്‍ ഓക്സിജന്‍ സഹായവും നല്‍കുന്നുണ്ട്. സത്യേന്ദ്ര ജയിന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.
6. അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളും മരണ നിരക്കും ഉയരുക ആണ്. ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്തത് 13,586 കോവിഡ് കേസുകളും 336 മരണവുമാണ്. ആകെ രോഗ ബാധിതര്‍ 3,80,532 ഉം മരണം 12,573 ഉം ആയി. 2 ലക്ഷത്തിലധികം പേര്‍ക്ക് രോഗമുക്തി ലഭിച്ചു. രാജ്യത്ത് നിലവില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ 1,63,248 പേരാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 53.79% ആയി. കണ്ടൈന്‍മെന്റ് സോണുകളില്‍ പരിശോധനകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഐ.സി.എം.ആര്‍ നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ പുതിയ 3137 കോവിഡ് കേസുകളും 66 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ വീട്ടിലെ കോവിഡ് നിരീക്ഷണത്തിന് ശക്തമായ മാനദണ്ഡങ്ങള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ നിര്‍ദ്ദേശം നല്‍കി
7.സംസ്ഥാനത്ത് ഹോം ക്വാറന്റൈയിന്‍ റദ്ദാക്കി ലഫ്.ഗവര്‍ണര്‍ ഉത്തരവിറക്കി. എല്ലാ കോവിഡ് രോഗികള്‍ക്കും 5 ദിവസം ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈയിന്‍ നിര്‍ബന്ധമാക്കി. മഹാരാഷ്ട്രയില്‍ പുതിയ 142 മരണവും 3827 കോവിഡ് കേസും കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 1,24, 331 ഉം മരണ സഖ്യ 5893 ഉം കടന്നു. ഗുജറാത്തില്‍ 27 മരണവും 540 കേസും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 26198 ഉം മരണം 1619 ആയി. കൊവിഡ് ബാധിച്ച് അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി 59 പേര്‍ കൂടി മരിച്ചു
8.അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. ജമ്മു കാഷ്മീരിലെ കത്വയിലാണ് സംഭവം. അതിര്‍ത്തിയില്‍ നിരീക്ഷണത്തില്‍ നിന്നിരുന്ന ബി.എസ്.എഫ് ജവാന്മാരാണ് ഡ്രോണ്‍ വെടിവച്ചു വീഴ്ത്തിയത്. ഡ്രോണില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തി എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം കാശ്മീരില്‍ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ആറു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി തവണ അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടി ഉതിര്‍ക്കുകയും ചെയ്തിരുന്നു.