ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്ക് 'ഗരീബ് കല്യാൺ റോജ്ഗാർ അഭിയാൻ' വഴിയുള്ള 50,000 കോടിയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫറൻസ് വഴിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
"രാജ്യം എന്റെ സുഹൃത്തുക്കളായ തൊഴിലാളികളുടെ വികാരങ്ങളും ആവശ്യങ്ങളും മനസിലാക്കുന്നു. ഈ ആവശ്യവും വികാരവും നിറവേറ്റുന്നതിനുള്ള പ്രധാനമായ ഒന്നാണ് ബീഹാറിലെ ഖഗേരിയയില്‍ നിന്ന് ആരംഭിക്കുന്ന 'ഗരീബ് കല്യാണ്‍ റോജര്‍ അഭിയാന്‍' എന്നും മോദി പറഞ്ഞു.
കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ വീടിന് സമീപം ജോലി നൽകും. തൊഴിലാളികളില്‍ ഭൂരിഭാഗവും അവരുടെ കഠിനാദ്ധ്വാനവും കഴിവുകളും ഉപയോഗിച്ച് അവരുടെ ഗ്രാമത്തിന്റെ വികസനത്തിനായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ നൈപുണ്യവും കഠിനാദ്ധ്വാനവുമായി നഗരങ്ങള്‍ മുന്നേറുകയായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഗ്രാമത്തെയും പ്രദേശത്തെയും മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആറു സംസ്ഥാനങ്ങളിലായി 116 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.