ന്യൂഡൽഹി: ഗാൽവൻ മേഖലയിലെ പതിനാലാം പട്രോളിംഗ് പോയിന്റിൽ ഇന്ത്യ- ചൈന സൈനികർ തമ്മിൽ നടന്ന കനത്ത സംഘർഷത്തിനും സൈനികരുടെ രക്തസാക്ഷിത്വത്തിന് ശേഷവും അതിർത്തിയിൽ ഒരു ഒത്തുതീർപ്പ് എത്തിയിട്ടില്ല. വിവിധ റാങ്കിലെ ഉന്നത സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നടന്ന ചർച്ചകളിലും ഇക്കാര്യം തീരുമാനമായിട്ടില്ല. ചൈന ഈ കൈയേറ്റവും തർക്കവും ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് വ്യക്തമാക്കുകയാണ് അമേരിക്കൻ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് മൈക്ക് പോംപെ. അതിർത്തികളിൽ ചൈന വഞ്ചനാപരമായ നിലപാടാണ് എടുക്കാറെന്ന് പോംപെ പറയുന്നു.
മറ്റ് അയൽരാജ്യങ്ങളോടുളള ചൈനീസ് പ്രതിരോധം പരിശോധിച്ചാൽ ഭൂട്ടാനിലെ ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡോക്‌ലമിൽ ഇന്ത്യ-ഭൂട്ടാൻ-ചൈന എന്നീ മൂന്ന് രാജ്യങ്ങൾക്കും തർക്കമുളള ഇവിടെ ചൈന നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയതോടെ 73 ദിവസമാണ് ഇന്ത്യ-ചൈന സംഘർഷമുണ്ടായത്. ഭൂട്ടാനുമായുളള ഇന്ത്യയുടെ കരാർ പ്രകാരമാണ് ഇവിടെ ഇന്ത്യൻ സൈന്യം ഇടപെട്ടത്. ഭൂട്ടാൻ-ചൈന അതിർത്തിയുടെ മറ്റ് ചില ഭാഗങ്ങളിലും ചൈന തർക്കവും നിർമ്മാണവും നടത്തിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും തിരക്കേറിയ നാവിക വാണിജ്യ പാതയുൾപ്പെടുന്ന ദക്ഷിണ ചൈനാകടലിലും ചൈന പല രാജ്യങ്ങളുമായി തർക്കമുണ്ട്. തായ്‌വാൻ, ബ്രൂണായ്,ഇൻഡോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും അവയുടെ കൈവശമുളള ദ്വീപുകൾ, പാറക്കൂട്ടങ്ങൾ,നദീതീരങ്ങൾ എന്നിവ തങ്ങളുടെതാണെന്ന് പല കാലങ്ങളിൽ ചൈന തർക്കം ഉന്നയിച്ചിട്ടുണ്ട്. തായ്‌വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന നിരന്തരം അവകാശം ഉന്നയിക്കുന്നത്.
മറ്റൊരു അയൽരാജ്യമായ നേപ്പാളിന്റെ വടക്കൻ ജില്ലകളായ ഹുംല, റുസുവ,സിന്ധുപാൽചൗക്,ശംഖുവസഭ എന്നീ ജില്ലകളിൽ ചില ഭാഗങ്ങൾ ചൈന കൈയേറിയതായി നേപ്പാൾ സർവേ വകുപ്പ് ആരോപിക്കുന്നുണ്ട്. നേപ്പാളിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്‌റ്റ് പാർട്ടി ഇതൊന്നും വലിയ കാര്യമായി പക്ഷെ എടുത്തിട്ടില്ല. എവറസ്‌റ്റ് കൊടുമുടിയുടെ നീളം അളക്കാനും അവിടെ 5ജി സംവിധാനം കൊണ്ടുവരാനും ചൈന തുടങ്ങിയിട്ടുണ്ട്. കൊടുമുടി ചൈനയിലാണെന്ന് ചൈനീസ് ഔദ്യോഗിക മാദ്ധ്യമമായ സിസിടിവി ന്യൂസ് കഴിഞ്ഞമാസം അകവാശവാദം ഉന്നയിച്ചെങ്കിലും എതിർപ്പ് രൂക്ഷമായപ്പോൾ പിൻവലിച്ചു.
പസഫിക് സമുദ്രത്തിലും അമേരിക്ക മൂന്ന് വലിയ യുദ്ധകപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്.തായ്‌വാനെതിരെയുള്ള ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് അമേരിക്കയുടെ ഇവിടെയുളള കപ്പൽ വിന്യാസം.ഇങ്ങനെ നിരന്തരം പല തരത്തിൽ എല്ലായിടത്തും തങ്ങളുടെ അധീശത്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുക തന്നെയാണ് ചൈന.