panjraj

മുപ്പത്തിരണ്ടുകാരനായ യുവാവ് പ്രതിമയെ വിവാഹം ചെയ്തു. യുപിയിലെ പ്രയാഗ് രാജ് സ്വദേശിയായ പഞ്ച് രാജ് യുവാവാണ് വീട്ടുകാരുടെ ആവശ്യപ്രകാരം വിചിത്രമായ വിവാഹത്തിന് തയ്യറായത്. മാനസിക വെല്ലുവിളികൾ നേരിടുന്നയാളാണ് യുവാവ്. ഇയാൾ അവിവാഹിതനായി മരണപ്പെട്ടാൽ ഹൈന്ദവ ആചാര പ്രകാരമുള്ള ചടങ്ങുകൾ നടത്താനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വീട്ടുകാർ ഇത്തരമൊരു വിവാഹം നടത്തിയത്.

'എന്റെ മകൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. വിദ്യാഭ്യാസമില്ല. ജോലിയില്ല. ചെറിയ കാര്യങ്ങൾക്ക് പോലും കുടുംബത്തിലെ മറ്റാളുകളുടെ സഹായം വേണം. ഇവന്റെ വിവാഹം നടത്തി ഒരു പെൺകുട്ടിയുടെ ഭാവി നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, അവിവാഹിതനായിരിക്കാനും പാടില്ല. കാരണം ഞങ്ങളുടെ പൂർവികരുടെ വിശ്വാസം അനുസരിച്ച് ഒരാൾ അവിവാഹിതനായി മരിച്ചാൽ കുടുംബാംഗങ്ങൾക്ക് ഹൈന്ദവ ആചാരപ്രകാരം അയാളുടെ അന്ത്യകർമ്മങ്ങൾ നടത്താനാകില്ല. എന്റെ മകൻ അവിവാഹിതനായി മരിച്ചാൽ അവന്റെ ആത്മാവിന് ശാന്തി ലഭിക്കില്ലെന്ന് ഞാൻ ഭയപ്പെടുന്നു.' എന്നാണ് യുവാവിന്റെ പിതാവ് പറയുന്നത്.

റെയിൽവേ ജീവനക്കാരനായി വിരമിച്ച ആളാണ് പഞ്ച് രാജിന്റെ പിതാവായ ശിവ് മോഹൻ പൽ. ഇയാളുടെ പന്ത്രണ്ട് മക്കളിൽ എട്ടാമത്തെയാളാണ് പഞ്ച് രാജ്. 'മകന്റെ മരണാനന്തരജീവിതം നല്ലതാകാൻ പ്രതിമയെ വിവാഹം ചെയ്തു നൽകാൻ ചില പുരോഹിതന്മാർ ഉപദേശിച്ചു. അവരുടെ നിർദേശ പ്രകാരം തന്നെ വിവാഹവും നടത്തി. ഇനി കുടുംബാംഗങ്ങൾക്ക് അവന്റെ മരണാനന്തര ചടങ്ങുകൾ നിർവഹിക്കാൻ തടസമുണ്ടാകില്ല.' പിതാവ് വ്യക്തമാക്കി.

കൊട്ടും പാട്ടും നൃത്തവും ഒക്കെയായി സാധാരണ വിവാഹം പോലെ തന്നെയാണ് ചടങ്ങുകൾ നടന്നത്. മണ്ഡപം അലങ്കരിച്ച് ഹൈന്ദവ വിശ്വാസം പ്രകാരം ആചാരങ്ങളോടെ വിവാഹം പൂർത്തിയായി. അതിനു ശേഷം വലിയ വിരുന്നും നടന്നു. സാമൂഹിക അകലം പാലിച്ചാണ് ആളുകൾ വിവാഹത്തിനെത്തിയതെന്നതും ശ്രദ്ധേയമാണ്.