-kpcc

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരായി നടത്തിയ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. താന്‍ ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും പ്രസ്താവന വളച്ചൊടിച്ചതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്താണ് പ്രചരണം നടത്തിയത്. നിപ പ്രതിരോധത്തില്‍ ഇല്ലാത്ത ക്രെഡിറ്റ് ആരോഗ്യമന്ത്രി എടുക്കേണ്ട എന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയെ റാണിയെന്നും രാജകുമാരിയെന്നും വിളിച്ചതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

ആരോഗ്യമന്ത്രി അത്ര വലിയ പ്രവര്‍ത്തനം നടത്തിയിട്ടില്ല. ആരോഗ്യമന്ത്രിയെ ബ്രിട്ടീഷ് പത്രം ‘റോക് ഡാന്‍സര്‍’ എന്നു വിശേഷിപ്പിച്ചു. ഏതൊരു മന്ത്രിയും ചെയ്യുന്നതു പോലെ ഗസ്റ്റ്ഹൗസിൽ അവലോകനയോഗം മാത്രമേ നിപ കാലത്തു നടത്തിയിട്ടുള്ളൂ. നിപ്പ കാലത്ത് മണ്ഡലത്തിൽ തന്റെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു. അതിനു തെളിവും ഉണ്ട്. നിപ്പയെ പ്രതിരോധിച്ചതിന്റെ അവകാശികൾ ആരോഗ്യപ്രവർത്തകരാണ്. ആ വിജയത്തിന്റെ കിരീടം ആരെങ്കിലും ധരിച്ചു പോകാൻ അനുവദിക്കില്ല.

ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് താൻ ആരോഗ്യമന്ത്രിയെ ‘രാജകുമാരി, റാണി’ എന്നീ പദങ്ങൾ ഉപയോഗിച്ച് വിശേഷിപ്പിച്ചത്. അതിൽ ഉറച്ചു നിൽക്കുന്നു. സ്ത്രീകൾക്കെതിരായ പരാമർശങ്ങൾ നടത്തുന്ന വ്യക്തിയല്ല താൻ. എന്നും അവരുടെ ഉന്നമനത്തിനായി മുന്നിൽ നിൽക്കുന്ന പൊതുപ്രവർത്തകനാണ് താൻ.

എം.പിയെന്ന നിലയില്‍ വടകര മണ്ഡലവുമായി ബന്ധപ്പെട്ട എന്റെ പ്രവര്‍ത്തനത്തില്‍ സി.പി.എമ്മുകാര്‍ക്ക് പോലും പരാതിയില്ല. നിപ രോഗം പിടിപ്പിട്ടപ്പോള്‍ തന്നെ ഞാന്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനനും യോഗത്തില്‍ പങ്കെടുത്തിരുന്നു. തന്നെ കുറിച്ച് ലിനിയുടെ ഭര്‍ത്താവ് ആരോപിച്ചത് തെറ്റാണ്. ലിനിയുടെ ഭര്‍ത്താവ് സജീഷിനെ പ്രാദേശിക നേതാവിന്റെ ഫോണില്‍നിന്ന് വിളിച്ചിരുന്നു. ആദ്യം വിളിച്ച പൊതുപ്രവര്‍ത്തകന്‍ താനാണെന്ന് അന്ന് സജീഷ് പറഞ്ഞിരുന്നു. ഇപ്പോള്‍ മാറ്റിപറയുന്നത് ശരിയല്ല.' -മുല്ലപ്പള്ളി പറഞ്ഞു.