food

ചെമ്മീൻ ഉലർത്തിയത് കഴിക്കാത്തവർ വളരെ ചുരുക്കമാണ്. എന്നാൽ പലർക്കും ഇത് എങ്ങനെയാണ് തയ്യാറാക്കുക എന്ന് അറിയില്ല. ഈ വിഭവം പാകം ചെയ്യുക എന്നത് അത്രയ്ക്ക് പ്രയാസമേറിയ കാര്യമല്ല. ഒന്ന് ശ്രമിച്ചാൽ ഷാപ്പിലും മറ്റ് കടകളിലും കിട്ടുന്നതിനെക്കാൾ രുചികരമായ രീതിയിൽ നമുക്കിത് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നു. അത് എങ്ങനെ എന്ന് നമുക്ക് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

ചെമ്മീൻ - 1/2 കിലോ
സവാള - 3 എണ്ണം
തക്കാളി - 2 എണ്ണം
വിനാഗിരി - 1/2 കപ്പ്
പച്ചമുളക് - 10 എണ്ണം
ഇഞ്ചി - 1 കഷ്ണം
കറിവേപ്പില - 2 തണ്ട്
പുളി - ആവശ്യത്തിന്
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
മുളക്‌ പൊടി - 2 ടീസ്പൂൺ
കുരുമുളക്‌ പൊടി - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തേങ്ങ (ചിരകിയത്) - 1/2 കപ്പ്
വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്മീൻ കഴുകി വൃത്തിയാക്കിയതിന് ശേഷം വിനാഗിരിയിൽ നന്നായി കഴുകിയെടുക്കുക. ശേഷം ചെമ്മീൻ, പുളി, ഉപ്പ്, മഞ്ഞൾപ്പൊടി, മുളക് പൊടി, ഇഞ്ചി, തേങ്ങ, കറിവേപ്പില, വെളിച്ചെണ്ണ എന്നിവ ഒരു ചട്ടിയിലെടുത്ത് കൈകൊണ്ട് നന്നായി തിരുമ്മുക. ശേഷം കുറച്ച് വെള്ളം ചേർത്ത് അടച്ച്‌വച്ച് വേവിക്കുക. മറ്റൊരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് സവാള, തക്കാളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി, മുളക്‌ പൊടി, കുരുമുളക്‌ പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം നേരത്തെ തയ്യാറാക്കിവച്ചിരിക്കുന്ന ചെമ്മീൻ കൂട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക. ചാറ് കുറുകിവരുമ്പോൾ വാങ്ങിവച്ച്‌ ചൂടോടെ ഉപയോഗിക്കാം.