editorial-

ഏതൊരു പകർച്ചവ്യാധിയെയും തടയുന്നതിൽ താഴെത്തട്ടിലുള്ള ആരോഗ്യ പ്രവർത്തകരും അവരെ സഹായിക്കുന്നവരുമാണ് ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്. രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നതും നാട്ടുകാരെ വലിയ ഒരു അളവുവരെ ബോധവത്‌കരിക്കുന്നതും അവരാണ്. മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് അവർ പ്രവർത്തിക്കുന്നത്. മുകളിലുള്ളവർ നിർദ്ദേശം നൽകുന്നത് ഇവർ ഫീൽഡിൽ നിന്ന് നൽകുന്ന വിവരങ്ങൾ വിദഗ്ദ്ധമായി വിലയിരുത്തകയും പഠിക്കുകയും ചെയ്തതിന് ശേഷമായിരിക്കും. മുകൾത്തട്ട്, അടിത്തട്ട് എന്നീ ഭേദവ്യത്യാസമില്ലാതെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് രോഗത്തെയും രോഗവ്യാപനത്തെയും തടയുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നത് .

കേരളത്തെ ആദ്യം ഭീഷണിപ്പെടുത്തിയ നിപ്പ പകർച്ചവ്യാധിയെ തടഞ്ഞത് ഇങ്ങനെയുള്ള പ്രവർത്തന ഏകോപനത്തിലൂടെയാണ്. നിപ്പയെ മിക്കവാറും കോഴിക്കോട്ട് തന്നെ തടഞ്ഞുനിറുത്തുകയും വ്യാപനത്തിന് ഇട നൽകാതെ പിടിച്ചുകെട്ടുകയും ചെയ്തത് അന്ന് രൂപീകരിച്ച റാപ്പിഡ് റെസ്‌പോൺസ് ടീം അഥവാ ദ്രുതകർമ്മ ആരോഗ്യ പരിപാലന സംഘമാണ്. ഇവർക്ക് ആരോഗ്യമന്ത്രിയും വകുപ്പ് സെക്രട്ടറിയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും ക്രിയാത്മകമായ നേതൃത്വവും സ്വാതന്ത്ര്യവും നൽകുകയുണ്ടായി. അവരുടെ പ്രവർത്തനം സ്വദേശത്തും വിദേശത്തും അഭിനന്ദിക്കപ്പെടുകയും ചെയ്തു. നല്ല അനുഭവപരിജ്ഞാനമുള്ള വിരമിച്ച ഡോക്ടർമാർ കൂടി ഉൾപ്പെടുന്നതാണ് ഈ ടീം. കൊവിഡ് രോഗബാധയുടെ തുടക്കകാലത്ത് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന ഈ ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടിലാണെന്ന് വ്യക്തമാക്കുന്ന വാർത്ത 'ഏകോപനമില്ലാതെ കൊവിഡ് പ്രതിരോധം, ഇരുട്ടിലായി റാപ്പിഡ് റെസ്‌പോൺസ് ടീം' എന്ന തലക്കെട്ടിൽ റിപ്പോർട്ടർ കെ.എസ്. അരവിന്ദിന്റെ ബൈലൈൻ സ്റ്റോറിയായി ശനിയാഴ്ച പുറത്തിറങ്ങിയ കേരളകൗമുദി ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. ഡോക്ടർമാരും ഐ.എ.എസ് ഉദ്യോഗസ്ഥ പ്രമുഖരും രണ്ടു തട്ടിലായതാണ് താഴെത്തട്ടിലുള്ള പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തിയിരുന്ന റാപ്പിഡ് സംഘം നിർജ്ജീവമാകാൻ കാരണമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. മെഡിക്കൽ ബിരുദമുള്ള ഐ.എ.എസ് ഉദ്യോഗസ്ഥർ മുകളിൽ വന്നതോടെയാണ് ഇത് സംഭവിച്ചത്. ഇതോടെ ഡോക്ടർമാരുടെ അഭിപ്രായങ്ങൾ തള്ളിക്കളയൽ പതിവായി. ഇവർ നൽകുന്ന നിർദ്ദേശങ്ങളാകട്ടെ താഴെത്തട്ടിലെ പ്രവർത്തകർക്കിടയിൽ ചിന്താക്കുഴപ്പത്തിന് ഇടയാക്കുകയും ചെയ്യുന്നു. റാപ്പിഡ് സംഘം പറയുന്നത് അവർ നൽകുന്ന പ്രായോഗിക നിർദ്ദേശങ്ങൾ ഉന്നതർ തള്ളിക്കളയുകയും പറയുന്നത് അനുസരിച്ചാൽ മതിയെന്ന മട്ടിൽ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു എന്നാണ്. മാത്രമല്ല പല ഉത്തരവുകളും രാത്രി വൈകിയാണ് ഇറക്കുന്നതെന്നും ഇത് പ്രവർത്തനങ്ങൾക്ക് തടസമാകുന്നു എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന് കേരളത്തിൽ സാമൂഹ്യ വ്യാപനത്തിന് സാദ്ധ്യത കൂടി വരുന്നു എന്ന റിപ്പോർട്ടാണ് ഡോക്ടർമാരുടെ സംഘം നൽകുന്നതെങ്കിൽ സാമൂഹ്യ വ്യാപനമില്ല എന്ന നിഗമനവും തുടർന്നുള്ള തീരുമാനങ്ങളുമാണ് ഉന്നത ഉദ്യോഗസ്ഥ സംഘം എടുക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലും ഇതിൽ ഉണ്ടാകുന്നുണ്ടെന്ന് പലർക്കും സംശയമുണ്ട്.

വെള്ളിയാഴ്ചയാണ് കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുണ്ടായത്. 118 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 96 പേർ രോഗമുക്തരാവുകയും ചെയ്തു. എന്നാൽ ചിലരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്തത് ആശങ്ക ഉയർത്തുകയും സമൂഹ വ്യാപന ഘട്ടത്തിലേക്ക് രോഗം നീങ്ങിയോ എന്ന സംശയം ജനിപ്പിക്കുകയും ചെയ്യുന്നു.

സമൂഹ വ്യാപനമില്ല എന്ന നിഗമനം തെറ്റാണെന്നും ഇത്തരം കണ്ടെത്തലുകൾ ആത്മഹത്യാപരമാണെന്നും കാട്ടി വിരമിച്ച ഒരു ഡോക്ടർ ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. സമൂഹ വ്യാപനം തടയുന്നതിന് പ്രൈമറി ഹെൽത്ത് സെന്ററുകളുടെ പ്രവർത്തനം പൂർവാധികം ശക്തിപ്പെടുത്തുകയും അവിടെ എത്തുന്ന ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള എല്ലാവർക്കും കൊവിഡ് ടെസ്റ്റ് നടത്തുകയും വേണമെന്നാണ് ഒരു പക്ഷം വാദിക്കുന്നത്. എന്നാൽ സർക്കാർ കൂടുതൽ ശ്രദ്ധ നൽകുന്നത് ക്വാറന്റയിനാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഡോ. ബി. ഇക്‌ബാലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഉന്നതതല സമിതിയുടെ നിർദ്ദേശങ്ങൾക്കും പഴയ പരിഗണന ഇപ്പോൾ ലഭിക്കുന്നില്ല.

ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പല മെച്ചങ്ങളും മിടുക്കുകളും ഉണ്ട് എന്നതിന് ഒപ്പം തന്നെ മറ്റ് ഉദ്യോഗസ്ഥരെ അപേക്ഷിച്ച് പൊതുവെ ഈഗോ വളരെ കൂടുതലാണ്. ഐ.എ.എസ് ഉദ്യോഗസ്ഥ പ്രമുഖർ തമ്മിലുള്ള ഈഗോ ക്ളാഷിന്റെ പേരിൽ പല പദ്ധതികളും താളം തെറ്റി മറിഞ്ഞത് കേരളം കണ്ടിട്ടുള്ളതാണ്. ഇങ്ങോട്ട് ഒന്നും പറയേണ്ട അങ്ങോട്ട് പറയുന്നത് കേട്ടാൽ മതി എന്ന ചിലരെങ്കിലും പുലർത്തുന്ന മനോഭാവം ഈ കൊറോണ വ്യാപന കാലത്തെങ്കിലും മാറ്റിവയ്ക്കാൻ അവർ തയ്യാറായില്ലെങ്കിൽ താഴെത്തട്ടിലുള്ള പല യഥാർത്ഥ വിവരങ്ങളും തുറന്നുപറയാൻ അത് കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ തയ്യാറായെന്ന് വരില്ല. ഇത് ആർക്കും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല ജനങ്ങൾക്ക് ഏറെ ദോഷം വരുത്തിവയ്ക്കുകയും ചെയ്യും. അതിനാൽ ഇക്കാര്യങ്ങൾ പരിഹരിക്കാൻ മന്ത്രിതല ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകണം.