കുടുംബം പോറ്റുന്നതിനായി സ്വന്തം ജീവൻ പോലും വകവയ്ക്കാതെ കൊവിഡ് രോഗികളുടെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് പ്ളസ്ടു വിദ്യാർത്ഥിയായ യുവാവ്. ഡൽഹി സീമാപുർ സ്വദേശിയായ മുഹമ്മദ് ചാന്ദ് ആണ് രാജ്യത്ത് നിലവിൽ ഒട്ടും സുരക്ഷതിമല്ലെന്ന് തന്നെ പറയാവുന്ന ജോലിക്ക് ഇറങ്ങിത്തിരിച്ചത്. താനും സഹോദരങ്ങളും ഉൾപ്പെടെ ഏഴംഗ കുടുംബത്തിന്റെ പട്ടിണി അകറ്റണം, അമ്മയുടെ മരുന്നിന്റെ ചിലവുകൾ കണ്ടെത്തണം ഇതൊക്കെയാണ് ഈ യുവാവിന്റെ ലക്ഷ്യങ്ങൾ. പലയിടത്തും ജോലിക്കായി അലഞ്ഞെങ്കിലും ലഭിച്ചില്ല. ഒടുവിൽ ലോക്നായക് ജയ്പ്രകാശ് നാരായൺ ഹോസ്പിറ്റലിൽ തൂപ്പു ജോലിക്കാരനായി ജോലി ലഭിച്ചു. കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹം കൈകാര്യം ചെയ്യലും ഈ ജോലിയുടെ ഭാഗമായിരുന്നു.
12 മണി മുതൽ 8 മണി വരെ നീളുന്ന ഷിഫ്റ്റിൽ ആശുപത്രിയിൽ നിന്ന് മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റി ശ്മശാനത്തിലെത്തിക്കണം. അവിടെയെത്തി മൃതദേഹം പുറത്തിറക്കി സ്ട്രെച്ചറിൽ കിടത്തണം.സംസ്കാര ചടങ്ങുകൾക്ക് സഹായിക്കണം' അപകടം തന്നെയാണെന്ന് അറിഞ്ഞുകൊണ്ടാണ് ജോലി സ്വീകരിച്ചതെന്നാണ് ചാന്ദ് പറയുന്നത്. രോഗവ്യാപനത്തിനുള്ള സാദ്ധ്യതയും കൂടുതലാണ്. പക്ഷെ എനിക്ക് ജോലി അത്യാവശ്യമായിരുന്നു.കുടുംബം നോക്കാന്‍.വീട്ടിൽ പലപ്പോഴും ഒരുനേരത്തെ ഭക്ഷണം മാത്രമാണുണ്ടാകാറ്. വൈറസിനെ അതിജീവിക്കാൻ സാദ്ധ്യതയുണ്ട്. എന്നാൽ വിശപ്പ് അതിജീവിക്കാനാകില്ല. ഞങ്ങൾക്ക് ഭക്ഷണം വേണം. പിന്നെ അമ്മയുടെ മരുന്നു ചിലവുകളും.' ചാന്ദ് പറയുന്നു. 17000 രൂപയാണ് ചാന്ദിന്‍റെ ശമ്പളം. ഇതുകൊണ്ട് ഒരുവിധം കഴിഞ്ഞു പോകാമെന്നാണ് വിശ്വാസമെന്നും യുവാവ് പറയുന്നു.
ദിവസേന രണ്ട് മൂന്ന് മൃതദേഹങ്ങളാണ് ചാന്ദിന് കൈകാര്യം ചെയ്യേണ്ടി വരുന്നത്.PPE കിറ്റടക്കം ധരിച്ച് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നത്. എങ്കിലും രോഗസാദ്ധ്യത തള്ളിക്കളയാനാകില്ല. ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ ശേഷം ചാന്ദ് കുളിച്ച് വൃത്തിയാകും. കുടുംബവുമായി നിശ്ചിത അകലം പാലിക്കുകയും ചെയ്യുന്നുണ്ട്. ' എല്ലാ മുൻകരുതലുകളും ഞാൻ സ്വീകരിക്കുന്നുണ്ട്. പക്ഷെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല. ചാന്ദ് പറയുന്നു.