ലണ്ടൻ : പ്രശസ്ത ബ്രിട്ടീഷ് നടൻ ഇയാൻ ഹോം അന്തരിച്ചു. 88 വയസായിരുന്നു. ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ' ദ ഹോബിറ്റ്', ' ദ ലോർഡ് ഒഫ് ദ റിംഗ്സ് ' സിനിമാ പരമ്പരകളിൽ ബിൽബോ ബാഗ്ഗിൻസിന്റെ വേഷം അവതരിപ്പിച്ച് ഏറെ ശ്രദ്ധനേടിയിരുന്നു. 1981ൽ ചാരിയറ്റ്സ് ഒഫ് ഫയർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കാർ നാമനിർദേശം ലഭിച്ചിരുന്നു. 1979ൽ പുറത്തിറങ്ങിയ ' ഏലിയൻ ' ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം.
ഏറെ നാളായി ഇയാൻ പാർക്കിൻസൺ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ബ്രിട്ടീഷ് നാടക വേദികളിലെയും അതുല്യ പ്രതിഭയായിരുന്നു. 1998ൽ പുറത്തിറങ്ങിയ 'കിംഗ് ലിയർ' എന്ന ചിത്രത്തിൽ ലിയർ രാജാവിന്റെ വേഷം അവതരിപ്പിച്ചിരുന്നു. 1931ൽ തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ എസിക്സിലാണ് ഹോമിന്റെ ജനനം. ലണ്ടനിലെ റോയൽ അക്കാഡമി ഒഫ് ഡ്രാമാറ്റിക് ആർട്ടിലായിരുന്നു പഠനം. ' ദ ഫിഫ്ത്ത് എലമെന്റ് ', ' ദ ഏവിയേറ്റർ ', 'ദ ഹോംകമിംഗ്', ' ഹാംലെറ്റ് ', ' മാഡ്നെസ് ഒഫ് കിംഗ് ജോർജ് ', ' ഫ്രം ഹെൽ ' തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 1989ൽ കമാൻഡർ ഒഫ് ബ്രിട്ടീഷ് എമ്പയർ ബഹുമതിയും 1998ൽ നൈറ്റ് പദവിയും നൽകി ഇദ്ദേഹത്തെ ബ്രിട്ടൻ ആദരിച്ചു.2014ൽ പുറത്തിറങ്ങിയ ' ദ ഹോബിറ്റ് ; ദ ബാറ്റിൽ ഒഫ് ദ ഫൈവ് ആർമീസ് ' ആണ് അവസാന ചിത്രം.