തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിന് പിന്നിൽ അഴിമതി നടക്കുന്നു എന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സർക്കാർ ഭൂമിയാണ് പണം കൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പാട്ടക്കാലാവധി കഴിഞ്ഞിട്ടും സർക്കാരിനെ തിരിച്ച് ഏൽപ്പിക്കാതെ ഹാരിസൺ കമ്പനി അനധികൃതമായി കൈവശംവച്ച്, ബിലീവേഴ്സ് ചർച്ചിന് കൈമാറിയ 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ പണം നൽകി വിമാനത്താവളത്തിനായി വാങ്ങുന്നതിന് പിന്നിൽ വലിയ അഴിമതി ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഭൂമിയിൽ ബിലീവേഴ്സ് ചർച്ചിന് അവകാശമില്ല. ഉടമസ്ഥാവകാശം ഇവർക്ക് സ്ഥാപിച്ച് കൊടുക്കാനാണ് സർക്കാരിന്റെ നീക്കമെന്നും, മുഖ്യമന്ത്രി പിണറായി വിജയനും ബിലീവേഴ്സ് ചർച്ചുമായി ഈ കാര്യത്തിൽ ധാരണയായിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ പല തവണ ചർച്ച നടന്നിട്ടുണ്ട്.
ഭൂമി വില കൊടുത്ത് വാങ്ങുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം. സി.പി.ഐ ഈ കാര്യത്തിൽ അഭിപ്രായം പറയണം. കോൺഗ്രസും ബിലീവേഴ്സ് ചർച്ചിനൊപ്പമാണെന്നും, അതിനാൽ ഈ വിഷയത്തിൽ മുല്ലപ്പള്ളിയുടെയും, ചെന്നിത്തലയുടെയും, ഉമ്മൻ ചാണ്ടിയുടെയും നിലപാട് അറിയാൻ താൽപര്യമുണ്ടെന്നും സുരേന്ദ്രൻ അറിയിച്ചു.