photo

കൊല്ലം: വെട്ടാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സും, പൊലീസും, നാട്ടുകാരും ചേർന്ന് കീഴ്പ്പെടുത്തി. കൊല്ലം ചന്ദനത്തോപ്പിന് സമീപത്താണ് സംഭവം. ശരാശരിയിൽ കൂടുതൽ വലിപ്പമുള്ള പോത്തായിരുന്നു. കശാപ്പ് ശാലയ്ക്ക് സമീപം കെട്ടിയിട്ടിരുന്നതാണ്. കയർ പൊട്ടിച്ച് റോഡിലേക്കിറങ്ങിയ പോത്ത്, റോഡിലുണ്ടായിരുന്നവർക്ക് നേരെ തിരിഞ്ഞു. നിരവധിപേർക്ക് പരിക്കേറ്റു. വാഹനങ്ങളും ഇടിച്ച് മറിച്ചു. നാട്ടുകാർ ഓടിക്കൂടി പോത്തിനെ വളഞ്ഞിട്ട് പിടിച്ച് കെട്ടിയിട്ടെങ്കിലും വീണ്ടും കയർ പൊട്ടിച്ച് കുതിച്ചോടി.

വഴിയിലുണ്ടായിരുന്ന വാഹനങ്ങളും ബൈക്കുകളും കുത്തിമറിച്ച് ഒരു കിലോമീറ്ററോളം ഓടിയ പോത്തിനെ കൊല്ലത്തു നിന്നും, കുണ്ടറയിൽ നിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങളും പൊലീസും നാട്ടുകാരും ചേർന്ന് വലയിൽ കുരുക്കി. കയർ കൊമ്പിൽ എറിഞ്ഞു പിടിപ്പിച്ചു. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും വാഹനങ്ങൾ പോത്തിനെ ഇടിച്ചു.

താഴെ വീണ പോത്തിന്റെ കാലുകൾ ബന്ധിച്ചെങ്കിലും അല്പ സമയത്തിനകം അത് ചത്തു. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും വാഹനങ്ങൾക്കും തകരാർ പറ്റിയിട്ടുണ്ട്. കുണ്ടറ ഫയർഫോഴ്സിലെ സീനിയർ ഫയർഫോഴ്സ് ഓഫീസർ ജോൺസണിനും ഒരു പൊലീസുകാരനും നാട്ടുകാരിൽ പലർക്കും പരിക്കേറ്റു. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.