ജനീവ: കൊവിഡ് മഹാമാരി ലോകത്ത് അതിതീവ്രമായ രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന. വ്യാഴാഴ്ച പുതുതായി 1,50,000 പേർക്കാണ് ലോകത്ത് രോഗം ബാധിച്ചത്. അമേരിക്കയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ പകുതിയോളം വരും ഇത്. ലോകത്ത് ഒറ്റ ദിവസമുണ്ടാകുന്ന രോഗികളുടെ ഏറ്റവും ഉയർന്ന അളവാണിതെന്നും സംഘടന അഭിപ്രായപ്പെട്ടു.
‘‘ലോകം പുതിയ, അപകടകരമായ ഘട്ടത്തിലാണ്. വൈറസ് ഇപ്പോഴും ദ്രുതഗതിയിലാണ് പടരുന്നത്. ഇത് മാരകമാണ്, കൂടുതൽ ആളുകളെ ഇപ്പോഴും ബാധിക്കുന്നു.’’ - ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗബ്രിയേസസ് ജനീവയിലെ ആസ്ഥാനത്ത് നടത്തിയ വെർച്വൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോകത്ത് ഇതുവരെ 87.83 ലക്ഷത്തിലേറെ ആളുകൾ കൊവിഡ് ബാധിതരാവുകയും 4,63,019 പേർ മരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. അമേരിക്കയെ കൂടാതെ കൂടുതൽ പുതിയ കൊവിഡ് ബാധിതർ വരുന്നത് സൗത്ത് ഏഷ്യയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന് മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങൾ ലോകത്താകമാനം നടന്നുകൊണ്ടിരിക്കുകയാണ്. പാർശ്വഫലങ്ങൾ ഉണ്ടാകുമോ എന്നൊക്കെ അറിയാൻ വലിയ അളവിൽ പരിശോധന ആവശ്യമാണ്. എന്നിരുന്നാലും പ്രതിരോധ മരുന്ന് കണ്ടെത്തുകയെന്നത് അസാദ്ധ്യമാണെന്നും വളരെ ബുദ്ധിമുട്ടേറിയ യാത്രയിലേക്കാണ് പോകുന്നതെന്നും ടെഡ്രോസ് അദനോം പറഞ്ഞു. രോഗബാധിതരിൽ 12 ശതമാനം പേരും ആരോഗ്യ പ്രവർത്തകരാണെന്നും അവരുടെ ധീരതയെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല രാജ്യങ്ങളും കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഭയപ്പാടിലാണെങ്കിലും നിയന്ത്രണങ്ങളിൽ ഇളവ് നൽകുകയാണ്. ഇക്കാര്യത്തിൽ ഘട്ടംഘട്ടമായതും ശാസ്ത്രീയവുമായ സമീപനമാണ് അവലംബിക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടന എമർജൻസി പ്രോഗ്രാം മേധാവി മൈക് റയാൻ വ്യക്തമാക്കി. ലോക്ക്ഡൗൺ അവസാനിപ്പിക്കൽ കാര്യം ശ്രദ്ധിച്ചേ നടപ്പാക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.