kejiri

ന്യൂഡൽഹി: ലക്ഷണം പ്രകടിപ്പിക്കാത്ത കൊവിഡ് രോഗികൾക്ക് ഹോം ഐസൊലേഷന് മുൻപ് അഞ്ച് ദിവസം നിർബന്ധിത ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഏർപ്പെടുത്തിയ ലഫ്‌റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ ഉത്തരവിനെതിരെ എതിർപ്പ് അറിയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വെളളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ ആം ആദ്മി പാർട്ടിക്ക് രൂക്ഷമായ എതിർപ്പാണുള‌ളത്.

ഇന്ത്യൻ കൗൺലിൽ ഓഫ് മെഡിക്കൽ റിസർച്ച് നിർദ്ദേശമനുസരിച്ച് രാജ്യത്ത് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കൊവിഡ് രോഗികൾക്ക് വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയാം എന്ന് പറയുമ്പോൾ ഡൽഹിക്ക് മാത്രം പ്രത്യേകം നിർദ്ദേശങ്ങൾ എന്തിന്? കെജ്‌രിവാൾ ചോദിച്ചു. ഡൽഹി ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് കെജ്‌രിവാൾ ചോദ്യം ഉന്നയിച്ചത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും യോഗത്തിൽ പങ്കെടുത്തു.

ലോകത്തെവിടെയും ലക്ഷണങ്ങൾ പ്രകടമാക്കാത്ത കൊവിഡ് രോഗികളെ ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാക്കിയിട്ടില്ല. റയിൽവെ കൊവിഡ് രോഗികൾക്കായി കോച്ചുകൾ ഏർപ്പെടുത്തി തന്നിട്ടുണ്ട്. ഈ കഠിനമായ ചൂടിൽ എങ്ങനെയാണ് അവിടെ രോഗികൾ കഴിയുക. ഡൽഹിയിൽ നിലവിൽ ആരോഗ്യ പ്രവർത്തകരുടെ കുറവുണ്ട്. ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ പ്രഖ്യാപിച്ചാൽ രോഗലക്ഷണം പ്രകടമല്ലാത്തവർ പരിശോധനക്ക് മടിക്കും. ഇത് നഗരത്തിൽ വലിയ കുഴപ്പമുണ്ടാക്കും.

യോഗം തീരുമാനമാകാതെ പിരിഞ്ഞ ശേഷം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ലഫ്‌റ്റനന്റ് ഗവർണറുടെ ഉത്തരവിനെ സർക്കാർ എതിർക്കുന്നതായും വൈകുന്നേരം വീണ്ടും യോഗം ചേരുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം ലഫ്‌റ്റനന്റ് ഗവർണർ അനിൽ ബൈജാൽ ഡൽഹിയിലെ സ്ഥിതിഗതികൾ ആഭ്യന്തര മന്ത്രാലയം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഡൽഹിയിലെ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതല ലഫ്‌റ്റനന്റ് ഗവർണർക്കാണ്. ജില്ലാ മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ ജില്ല സർവൈലൻസ് ഓഫീസർമാരുടെ ചുമതലയിൽ ടീമുകൾ ഹോംഐസൊലേഷനിലുള‌ള ഓരോരുത്തരെയും നിർബന്ധമായും ശാരീരിക പരിശോധന നടത്തണം എന്നും ലഫ്‌റ്റനന്റ് ഗവർണർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. നിലവിൽ ഏറ്റവുമധികം കോവിഡ് രോഗികളുള‌ള മൂന്നാമത് സംസ്ഥാനമാണ് ഡൽഹി. മഹാരാഷ്ട്രയും തമിഴ്നാടുമാണ് മുന്നിൽ. വെള‌ളിയാഴ്ചയോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 50000 കടന്നു. പുതിയതായി മൂവായിരത്തോളം പേർക്ക് രോഗം ബാധിച്ചു.