malala

ലണ്ടൻ: ഭീകരതയുടെ വെടിയുണ്ടയ്ക്ക് തകർക്കാനാവാത്ത ആത്മവിശ്വാസവുമായി ജീവിതത്തിലേക്ക് തിരികെ വന്ന നോബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായി ബിരുദപഠനം പൂർത്തിയാക്കി.

ലണ്ടനിലെ ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ മാർഗരറ്റ് ഹാളിൽ നിന്ന് ഫിലോസഫി, പൊളിറ്റിക്‌സ് ആൻഡ് ഇക്കണോമിക്‌സിലാണ് മലാല ബിരുദം പൂർത്തിയാക്കിയത്. ബിരുദദാന ചടങ്ങിനുശേഷം കുടുംബമൊത്തും സഹപാഠികൾക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങളും മലാല സമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.

'ഭാവിയിൽ എന്തുചെയ്യണമെന്നതിനെക്കുറിച്ച് ഇപ്പോൾ അറിയില്ല. നെറ്റ്ഫ്‌ളിക്‌സിൽ ജോയിൻ ചെയ്യണം, വായിക്കണം, ഉറങ്ങണം.'- മലാല ട്വീറ്റ് ചെയ്തു. 2.6 ലക്ഷം പേരാണ് മലാലയുടെ ട്വീറ്റിന് ലൈക്ക് ചെയ്തത്. 32,000 പേര്‍ റീട്വീറ്റ് ചെയ്തു. നിരവധി പേർ ട്വിറ്ററിൽ മലാലയ്ക്ക് അഭിനന്ദനങ്ങളുമായി എത്തി.

പാകിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിച്ച മലാലയെ 2012ൽ ഭീകരർ വെടിവയ്ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മലാല ജീവിതത്തിലേക്ക് തിരിച്ചുവന്നു. പിന്നീട് മലാലയും കുടുംബവും ലണ്ടനിലേക്ക് താമസം മാറി. മലാലയ്ക്ക് നേരെയുണ്ടായ ആക്രമണം ആഗോളതലത്തിൽ വലിയ ചർച്ചയായി. 2014ലാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം മലാലയെ തേടിയെത്തിയത്.