മേയിൽ സോനം വാങ്‌ചുക്ക് തൊടുത്തുവിട്ട 'ബോയ്ക്കോട്ട് ചൈന' ട്വീറ്റ് ഇന്ന് സോഷ്യൽമീഡിയയിൽ കാമ്പെയിനായി മാറിയിരിക്കയാണ്. ചൈനാവിരുദ്ധ വികാരം രാജ്യമൊട്ടാകെ അലയടിക്കുന്നു. ചൈനീസ് പ്രസിഡന്റിന്റെ കോലവും ചൈനീസ് ഉത്പന്നങ്ങളും തെരുവിൽ കത്തിയമരുന്നു. എന്നാൽ ചൈനാ ബഹിഷ്കരണം പ്രായോഗിക തലത്തിൽ അത് അത്ര എളുപ്പമല്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. പക്ഷേ, സംഘർഷകാലത്തെ ചൈനാ ബഹിഷ്കരണ ആഹ്വാനം കേവലം രാഷ്ട്രീയമുദ്രാവാക്യമായി മാത്രം ഒതുങ്ങുമെന്നാണ് നയതന്ത്രതലത്തിലെ വിലയിരുത്തൽ.
'നിങ്ങളുടെ പേഴ്സിന്റെ ശക്തി കാട്ടൂ, മെയ്ഡ് ഇൻ ചൈന ബഹിഷ്‌കരിക്കൂ. ചൈനയ്ക്ക് തക്ക മറുപടി നൽകൂ' - മേയ് 28 ന് യുട്യൂബ് വീഡിയോയിലൂടെ 'സോനം വാങ്‌ചുക്ക്" പറഞ്ഞത് ഇന്ത്യ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. ആരാണിയാൾ. ലോകം അറിയുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ, എൻജിനീയർ, വിദ്യാഭ്യാസ പരിഷ്‌കർത്താവ്, മാഗ്സസെ അവാർഡ് ജേതാവ്... ഇതിലും ലളിതമായി പറയാം. ആമിർഖാന്റെ സൂപ്പർഹിറ്റ് ചിത്രം 'ത്രീ ഇഡിയറ്റ്സിലെ' പ്രധാനകഥാപാത്രമായ ഫുങ്ഷു വാങ്ഡു. ത്രീ ഇഡിയറ്റ്സ് എന്ന സിനിമ നിർമ്മിച്ചത് സോനം വാങ്‌ചുക്കിന്റെ ജീവിതം ആധാരമാക്കിയാണ്. ലഡാക്ക് സ്വദേശിയായ സോനം വാങ്‌ചുക്ക് മേയ് 29ന് ട്വിറ്ററിൽ കുറിച്ചു: "ദശാബ്ദങ്ങളായി ചൈനയുടെ നുഴഞ്ഞുകയറ്റത്തിനെതിരെ ഇന്ത്യയുടെ സഹനം ഇങ്ങനെയാണ്. അവർ കരുണയില്ലാതെ നമ്മുടെ തല കൊയ്യാൻ വരികയാണ്. അപ്പോഴും നമ്മൾ പറഞ്ഞുകൊണ്ടിരുന്നു ഹുസൂർ, പതുക്കെ പതുക്കെ, ജനാബ് പതുക്കെ പതുക്കെ... പക്ഷെ, ഇപ്പോൾ കഥമാറി സൈന്യം ബുള്ളറ്റ് കൊണ്ട് ചൈനയ്ക്ക് ഉത്തരമേകും നമ്മൾ കയ്യിലെ പഴ്സുകൊണ്ടും.' സോനം വാങ്‌ചുക്കിന്റെ ഈ ട്വീറ്റ് രാജ്യമൊട്ടാകെ വൈറലായി. ടിക്ടോക്കിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി ചൈനീസ് ബഹിഷ്കരണ ആഹ്വാനം ഇന്ത്യയിലെ സൈബർ രംഗത്ത് ഉണ്ടായിരുന്നെങ്കിലും സംഗതി കത്തിക്കയറിയത് സോനത്തിന്റെ ഈ ട്വീറ്റിലൂടെയാണ്. 'ഒരു വശത്ത്, നമ്മുടെ സൈനികർ അവരോട് യുദ്ധം ചെയ്യുന്നു, മറുവശത്ത്, നമ്മൾ ചൈനീസ് ഹാർഡ്‌വെയർ വാങ്ങുകയും ടിക് ടോക്, ഹലോ ആപ്പ് പോലുള്ള സോഫ്റ്റ്‌വെയർ ഉപയോഗിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ ബഹിഷ്‌കരണം ചൈനീസ് ജനതയ്ക്ക് എതിരല്ല, അവരുടെ ചൂഷണ സംവിധാനത്തിനെതിരാണ്. ഇന്ത്യയിൽ അടക്കം ഉത്പന്നങ്ങൾ വഴി കോടിക്കണക്കിന് രൂപയാണ് ചൈനയ്ക്ക് നമ്മൾ നൽകുന്നത്. അത് ഉപയോഗിച്ച് അവർ നമുക്കെതിരെ സൈന്യത്തെ അണിനിരത്തുന്നു. 1962 ലെ ഇന്തോ- ചൈന യുദ്ധത്തിൽഇന്ത്യയുടെ കിലോമീറ്ററുകളോളം സ്ഥലം പിടിച്ചെടുത്ത ചൈന അവിടെയുള്ള ഇന്ത്യക്കാരുടെ ജീവിതമാർഗങ്ങൾ ഇല്ലാതാക്കി, അവർ ഇന്ത്യക്കാരുടെ വരുമാനമാർഗമായ ആടുകളെയും ചെമ്മരിയാടുകളെയും മറ്റും കൊണ്ടുപോയി. 1905ൽ ബാല ഗംഗാധര തിലകൻ ആഹ്വാനം ചെയ്ത വിദേശ വസ്തു ബഹിഷ്കരണത്തിന് സമാനമായി നമ്മൾ ചൈനീസ് ബഹിഷ്കരണം കാണേണ്ടതുണ്ട്." സ്വന്തം ഫോണിൽ നിന്ന് ചൈനീസ് ആപ്പുകൾ ഡിലീറ്റ് ചെയ്തുകൊണ്ട് വാങ്‌ചുക്ക് പറഞ്ഞു. കൂടാതെ ചൈനീസ് ഹാർഡ്‌വെയറുകളെല്ലാം ഒരു വർഷത്തിനുള്ളിൽ ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത് ഇന്ത്യയൊട്ടാകെ വൈറലായതോടെ 'എന്തുകൊണ്ട് ബോയ്ക്കോട്ട് ചൈന' ആഹ്വാനമെന്ന് വിവരിക്കുന്ന എന്ന വീഡിയോയും സോനം പുറത്തിറക്കി. ലക്ഷക്കണക്കിനാളുകൾ ഈ വീഡിയോ കണ്ടു. ഇത് ജനങ്ങൾ നയിക്കുന്ന ഒരു മുന്നേറ്റമാണെന്നും ഇതിന് പ്രത്യേക നിയമങ്ങളോ നിയമാവലികളോ ഇല്ലെന്നും വാങ്‌ചുക്ക് പറയുന്നു. ഒപ്പം ഒരിക്കലും ഒരു ഉത്പന്നം തിരഞ്ഞെടുക്കാനുള്ള ഉപയോക്താവിന്റെ സ്വതന്ത്ര്യത്തെ സർക്കാരിനോ അധികാരികൾക്കോ എതിർക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ- ചൈന അതിർത്തി സംഘർഷം അക്രമാസക്തമാകുകയും നമ്മുടെ 20 സൈനികർ വീരമൃത്യുവരിക്കുകയും ചെയ്തതോടെ രാജ്യമെങ്ങും ചൈനയ്ക്കെതിരായ വികാരം അലയടിച്ചു. സോനത്തിന്റെ ട്വീറ്റുകൾ വൈറലായി. സോഷ്യൽമീഡിയയിൽ ബോയ്ക്കോട്ട് ചൈന, ബാൻ ചൈനീസ് പ്രൊഡക്ട്സ് തുടങ്ങിയ ഹാഷ്‌ടാഗുകൾ നിറഞ്ഞു. രാജ്യത്തെ പ്രമുഖരായ പലരും ഈ പ്രചാരണത്തിനൊപ്പം ചേർന്നു. വിവിധ ഹാഷ്ടാഗുകളിലായി ട്വിറ്ററിൽ മാത്രം 1.25 ലക്ഷത്തിലധികം പോസ്റ്റുകൾ ബോയ്‌ക്കോട്ട് ചൈനയുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ടു.
റസ്റ്റോറന്റുകൾ നിരോധിക്കണമെന്ന് കേന്ദ്രമന്ത്രി
ചൈനീസ് ഭക്ഷണങ്ങൾ വിൽക്കുന്ന റസ്റ്റോറന്റുകൾ രാജ്യത്ത് നിരോധിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെയും ആഹ്വാനം ചെയ്തിരുന്നു. 'വഞ്ചിക്കുന്ന രാജ്യമാണ് ചൈന. ചൈനയിൽ നിർമിക്കുന്ന എല്ലാ ഉത്പന്നങ്ങളും ഇന്ത്യ ബഹിഷ്‌കരിക്കണം. ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്റ്റോറന്റുകളും ഹോട്ടലുകളും ഇന്ത്യയിൽ അടച്ചു പൂട്ടണമെന്നും' അത്താവലെ ട്വീറ്റ് ചെയ്തു.
പരസ്യങ്ങളിൽ അഭിനയിക്കേണ്ട
സിനിമാ-കായിക താരങ്ങൾ ഇനി മുതൽ ചൈനീസ് ഉത്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ഏറ്റവും വലിയ വ്യാപാരി സംഘടനയായ കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യാ ട്രേഡേഴ്‌സ് രംഗത്തെത്തി. ‘ബോയ്‌ക്കോട്ട് ചൈന’ പ്രചാരണത്തിന്റെ ഭാഗമായാണിത്. 'നിലവിൽ ചൈനീസ് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്ന ബോളിവുഡ് താരങ്ങൾ ഇത് അവസാനിപ്പിക്കണം. അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ശിൽപ്പഷെട്ടി, മാധുരി ദീക്ഷിത്, മഹേന്ദ്ര സിംഗ് ധോണി, സച്ചിന്‍ ടെണ്ടുൽക്കർ, സോനു സൂദ് എന്നിവരോട് ഈ കാമ്പയിന്റെ ഭാഗമാകാനും സംഘടന അഭ്യർത്ഥിച്ചു. വിവോ പരസ്യത്തിൽ അഭിനയിക്കുന്ന ആമിർഖാൻ, സാറ അലി ഖാൻ തുടങ്ങി വിരാട് കോലി, ദീപിക പദുകോൺ, സിദ്ധാർത്ഥ് മൽഹോത്ര, റാപ്പർ ബാദ്ഷാ, രൺബീർ കപൂർ, രൺവീർ സിംഗ്, സൽമാൻഖാൻ, ശ്രദ്ധ കപൂർ, ആയുഷ്‌മാന്‍ ഖുറാന ഉൾപ്പെടെ ഒട്ടേറെ പേരെ ലക്ഷ്യമാക്കിയുള്ളതാണ് സി.എ.ഐ.ടിയുടെ നീക്കം.
പിന്തുണയുമായി കേന്ദ്രം
ബോയ്ക്കോട്ട് ചൈന ആഹ്വാനങ്ങളെ പിന്തുണയ്ക്കുന്ന മട്ടിൽ ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ കരാർ ഇന്ത്യൻ റെയിൽവെ റദ്ദാക്കി. പിന്നാലെ ബി.എസ്.എൻ.എൽ 4ജി നവീകരണത്തിന് ചൈനീസ് ഉപകരണങ്ങൾ വേണ്ടെന്ന് കേന്ദ്രം, ബി.എസ്. എൻ. എല്ലിനോടും നിർദ്ദേശിച്ചു. രണ്ട് തീരുമാനങ്ങൾക്കും പൊതുസമൂഹത്തിൽ വൻ സ്വീകാര്യത ലഭിച്ചു. കാൺപൂർ റെയിൽവേ സെക്ഷനു കീഴിൽവരുന്ന 417 കിലോമീറ്റർ സിഗ്‌നലിംഗും ടെലികമ്യൂണിക്കേഷൻ ജോലികളുമാണ് റെയിൽവെ റദ്ദാക്കിയത്. ചൈനീസ് കമ്പനിയായ ബീജിംഗ് നാഷണൽ റെയിൽവേ റിസർച്ച് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നൽ ആൻഡ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പുമായിട്ടായിരുന്നു കരാർ.
വിവരച്ചോർച്ചയുണ്ടാകുമെന്ന് ഇന്റലിജൻസ്
നേരത്തെ തന്നെ ചൈനയുമായി ബന്ധപ്പെട്ട 52 മൊബൈൽ ആപ്ലിക്കേഷൻ വിലക്കണമെന്ന് കേന്ദ്രത്തിനോട് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ആപ്പ് സുരക്ഷിതമല്ലെന്നും വിവരങ്ങൾ വൻതോതിൽ ഇന്ത്യയ്ക്ക് പുറത്തേക്ക് എത്തിക്കാന്‍ സാദ്ധ്യത ഉണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇന്റലിജൻസ് മുന്നറിയിപ്പ്.
കാര്യങ്ങൾ അത്ര എളുപ്പമല്ല
ചൈനാ ബഹിഷ്കരണം പ്രായോഗിക തലത്തിൽ അത്ര എളുപ്പമല്ലെന്ന് നയതന്ത്ര വിദഗ്ദ്ധർ.രാജ്യത്തെ ഫാർമസി, ഇലക്‌ട്രോണിക്‌സ് മേഖലകളെയായിരിക്കും ബഹിഷ്‌കരണം ഏറ്റവും പ്രതികൂലമായി ബാധിക്കുക. ഇതോടൊപ്പം സപ്ലൈ ചെയിൻ തടസപ്പെടുന്നതും രാജ്യത്തെ വിവിധ ബിസിനസുകളുടെ പ്രവർത്തനത്തെ താളം തെറ്റിക്കും. നിലവിലെ ആഗോള സംവിധാനത്തിൽ ആഭ്യന്തര ഉത്പാദനവും ആഭ്യന്തര ഉപഭോഗവും മാത്രമായി നിലനിൽക്കാനാകില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി, ഇറക്കുമതി കണക്കുകൾ പരിശോധിച്ചാൽ ബഹിഷ്‌കരണം ഇന്ത്യക്കായിരിക്കും കൂടുതൽ തിരിച്ചടിയാകുകയെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു.
2017–18 ൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് രംഗത്ത് ഇന്ത്യയുടെ ആവശ്യത്തിന്റെ 60 ശതമാനവും മരുന്നുനിർമാണമേഖലയുടെ 69 ശതമാനവും നിറവേറ്റിയത് ചൈനയാണ്. പല പ്രധാന മരുന്നുകളുടെയും നിർമാണ ഘടകങ്ങൾക്ക് ചൈനയെ അതിരുകടന്ന് ആശ്രയിക്കേണ്ടി വരുന്നുണ്ട്.
ചൈനയ്ക്കെതിരായ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രാജ്യത്തെ പ്രമുഖ വാഹനനിർമ്മാതാക്കളായ മാരുതിയും ബജാജും രംഗത്തെത്തി. വാഹനനിർമ്മാണത്തിന് ചൈനീസ് സ്പെയർ പാർട്സ് അത്യാവശ്യമാണെന്നാണ് ഇരു കമ്പനികളും പറയുന്നത്.