കറാച്ചി: കൊവിഡ് വിലക്കുകളെത്തുടർന്ന് അഞ്ച് മാസത്തോളമായി പരസ്പരം കാണാതിരുന്ന പാക് ആൾ റൗണ്ടർ ഷൊയ്‌ബ് മാലിക്കിന്റെയും ഭാര്യയും ഇന്ത്യൻ ടെന്നിസ് താരവുമായ സാനിയ മിർസയുടെയും പുനസമാഗമത്തിന് വഴിയൊരുങ്ങി.കൊവിഡിനെ തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ വന്നതിനാൽ ഷൊയ്ബിന് പാകിസ്ഥാനിൽ തുടരേണ്ടി വരികയായിരുന്നു. സാനിയയും മകനും ഹൈദരാബാദിലെ വീട്ടിലാണ്.യാത്രാനിയന്ത്രണത്തിൽ ഇളവുകളായതോടൊണ് ഷൊയ്‌ബിന് ഇന്ത്യയിലേക്ക് വരാൻ അനുമതി ലഭിച്ചത്.ഒരു വയസായ മകൻ ഇഷാന് ഇനി എന്ന് അവന്റെ പിതാവിനെ കാണാൻ കഴിയുമെന്ന സാനിയയുടെ ട്വീറ്റ് നേരത്തേ വൈറലായിരുന്നു.
38കാരനായ ഷൊയ്ബ് പാക് ടീമിനൊപ്പം ഈ മാസം അവസാനം ഇംഗ്ലണ്ടിലേക്ക് യാത്രതിരിക്കേണ്ടതായിരുന്നു. എന്നാൽ ഷൊയ്ബിന്റെ അവസ്ഥയറിയാവുന്ന പാക് ക്രിക്കറ്ര് ബോർഡ് അദ്ദേഹത്തിന് ഭാര്യയേയും മകനേയും കാണാൻ സമയം അനുവദിക്കുകയായിരുന്നു. ജൂലായ് 24ന് അദ്ദേഹത്തിന് ടീമിനൊപ്പം ചേർന്നാൽ മതി. ഇംഗ്ലണ്ട് ആൻഡ് വേൽസ് ക്രിക്കറ്ര് ബോർഡും ഇക്കാര്യം അംഗീകരിച്ചു.
ഞങ്ങളെപ്പോലെയല്ല ഷൊയ്ബിന്റെ അവസ്ഥ. കഴിഞ്ഞ അഞ്ചു മാസമായി അദ്ദേഹത്തിന് കുടുംബത്തെ നേരിൽ കാണാന്‍ കഴിഞ്ഞിട്ടില്ല. ഷൊയ്ബിന്റെ അഭ്യർത്ഥനയെ മാനിക്കുകയും അനുകമ്പ കാണിക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്.- പാക് ക്രിക്കറ്ര് ബോർഡ് മേധാവി വസിം ഖാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.