തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചയിലെ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവ്. പ്രവേശന പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. അതേസമയം, സംസ്ഥാനത്തെ ബെവ്കോ-കൺസ്യൂമർഫെഡ് മദ്യവിൽപനശാലകളും, സ്വകാര്യ ബാറുകളും, കള്ളുഷാപ്പുകളും നാളെ പതിവ് പോലെ തുറന്നു പ്രവർത്തിക്കും.
ഞായറാഴ്ച ദിവസങ്ങളിലെ സമ്പൂർണ ലോക്ക് ഡൗൺ നാളെ ബാധകമല്ലാത്ത സാഹചര്യത്തിലാണ് മദ്യവിൽപനശാലകളും കള്ളുഷാപ്പുകളും തുറന്നു പ്രവർത്തിക്കുന്നതിന് എക്സൈസ് അനുമതി നൽകിയത്. ആരാധനാലയങ്ങൾ തുറന്നതിനാലും പരീക്ഷകളെതുടർന്നും ഞായറാഴ്ചത്തെ ലോക്ക്ഡൗണിൽ സർക്കാർ നേരത്തെയും ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. വിശ്വാസികൾക്ക് ഞായറാഴ്ച പ്രാർത്ഥനയ്ക്ക് വീട്ടിൽ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചും പോകാം. പരീക്ഷകൾ നടത്താമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ നടത്താം. പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം. മെഡിക്കൽ കോളേജ്, ഡെന്റൽകോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷൻ കിട്ടിയ വിദ്യാർത്ഥികൾക്ക് പ്രവേശനനടപടികൾക്കായി പോകാം. അഡ്മിഷൻ കാർഡ് യാത്രാ പാസായി പരിഗണിക്കണമെന്നുമായിരുന്നു സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞത്.