forida

കൊവിഡ് കാലത്ത് പുറത്തേക്ക് ഇറങ്ങാനാവാതെ വീടിനകത്ത് അകപ്പെട്ടുപോയത് അറുപത് കഴിഞ്ഞ വയോധികരാണ്. ലോക്ക് ഡൗൺ ഇളവുകൾ ലഭിച്ചിട്ടും വയസായവരോട് പുറത്തിറങ്ങരുതെന്നാണ് മിക്ക രാജ്യങ്ങളിലേയും കർശന നിയമം. എന്നാൽ എത്ര ദിവസം ഇങ്ങനെ പുറത്തിറങ്ങാതിരിക്കും.? അങ്ങനെ കടകളിലും ബേക്കറികളിലുമൊക്കെ പോകാൻ വഴി കണ്ടെത്തിയ ഒരു എൺപതുകാരിയുടെ ചിത്രങ്ങളാണ് വാർത്തകളിലും സോഷ്യൽ മീഡിയയിലുമൊക്കെ നിറയുന്നത്.

കൈകളും കാലുകളും ഉള്ള ഒരു കാർഡ്‌ ബോർഡ് ബോക്‌സ് ബേക്കറിയിലും ഇറച്ചിക്കടയിലുമൊക്കെ കയറിയിറങ്ങുന്നതും വഴിയിൽ നിന്ന് പത്രം വായിക്കുന്നതുമൊക്കെ ക്യൂബയിലെ ഹവാന പ്രവിശ്യയിലെ പതിവ് കാഴ്ചയായി. കൊവിഡ് വ്യാപനത്തിന് പിന്നാലെയാണ് ഈ കാഴ്ചയും കണ്ടു തുടങ്ങിയത്. ആരാണിതെന്ന അന്വേഷണത്തിൽ എൺപത് കഴിഞ്ഞ ഫെറിഡ റോജാസ് എന്ന മുത്തശ്ശിയാണതെന്ന് മനസിലായി.

ശരീരം മുഴുവൻ മറയ്ക്കുന്ന കാർഡ്‌ ബോർഡ് ബോക്‌സ് ധരിച്ചാണ് ഫെറിഡ പുറത്തിറങ്ങുന്നത്. കാർഡ് ബോർഡ് ബോക്‌സ് സംഘടിപ്പിച്ച്‌ കണ്,ണും കൈയും അടക്കമുള്ള ഭാഗങ്ങൾ തുളച്ചാണ് ഫെറിഡ ഇത് ഉണ്ടാക്കിയത്. ഏറ്റവും മുകളിലായി ഒരു വീടിന്റെ ആകൃതിയില്‍ ഇത് ഒട്ടിച്ചെടുത്തിട്ടുണ്ട്. 'ഞാൻ വീട്ടിലാണ്, നിങ്ങളോ?' എന്ന് ബോക്‌സിൽ എഴുതിയിരിക്കുന്നതും കാണാം.

വീട്ടിലിരിക്കൂ എന്നാണ് ക്യൂബയുടെ കൊവിഡ് വൈറസ് സ്ലോഗൻ.മറ്ര് സുരക്ഷാ സംവിധാനങ്ങളോ, ഉപകരണങ്ങളോ രാജ്യത്ത് ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു മാർഗം ഫെറിഡ കണ്ടുപിടിച്ചത്. വിവാഹമോചിതയായ ഫെറിഡയുടെ മക്കൾ അമേരിക്കയിലാണ് താമസിക്കുന്നത്. മറ്റാരും സഹായമില്ലാത്തതിനാൽ സുരക്ഷ ഉറപ്പുവരുത്തി സ്വയം കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഈ വഴി കണ്ടെത്തുകയായിരുന്നെന്ന് ഫെറിഡ പറയുന്നു. നടന്നുപോകുമ്പോൾ അടുത്തുള്ള ആരെങ്കിലും ചുമയ്ക്കുകയാണെങ്കിൽ ഭയം തോന്നിയിരുന്നെന്നും, അങ്ങനെയാണ് ഇത്തരത്തിലൊരു ആശയത്തിലേക്കെത്തിയതെന്നും അവർ പറഞ്ഞു.

forida