tahawur-rana

വാഷിംഗ്ടൺ: 2008 മുംബയ് ഭീകരാക്രമണത്തിലെ പ്രധാന സൂത്രധാരനും ഗൂഢാലോചനക്കേസിൽ വിചാരണ നേരിടുന്നയാളുമായ തഹാവുർ ഹുസൈൻ റാണ (59) അമേരിക്കയിൽ വീണ്ടും അറസ്റ്റിൽ. കഴിഞ്ഞ പത്തു വർഷമായി തെക്കൻ കാലിഫോർണിയയിലെ ടെർമിനൽ ഐലൻഡ് ജയിലിൽ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന റാണ കൊവിഡ് -19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ജൂൺ 10ന് ജയിൽ മോചിതനായത്. ഇന്ത്യയിൽ വിചാരണ നേരിടുന്നതിനാലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ റാണയെ വീണ്ടും അറസ്റ്റ് ചെയ്യാൻ അധികൃതർ തീരുമാനിച്ചത്. ഇയാളെ ഉടൻ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് സൂചന.

റാണയുടെ 14 വർഷത്തെ ജയിൽ ശിക്ഷ അവസാനിക്കുന്നത് 2021 ഡിസംബറിലാണ്. ഇതിന് മുമ്പ് റാണയെ ഇന്ത്യയിലേക്ക് അയയ്ക്കുമെന്ന് നേരത്തെയും സൂചനകൾ ഉണ്ടായിരുന്നു. അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബയ് ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ചിക്കാഗോ സ്വദേശിയായ റാണയെ 2009ലാണ് അറസ്റ്റ് ചെയ്തത്. 2013ൽ റാണയ്ക്ക് 14 വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി അവസാനിക്കുന്നതിന് മുമ്പ് റാണയെ ഇന്ത്യയിലെത്തിക്കാൻ ഇന്ത്യൻ അധികൃതർ ട്രംപ് ഭരണകൂടത്തിന്റെ പൂർണ പിന്തുണയോടെ നീക്കം നടത്തിയിരുന്നു. പാക് വംശജനായ റാണയ്ക്ക് കനേഡിയൻ പൗരത്വമാണുള്ളത്. മുംബയ് ഭീകരാക്രമണക്കേസിൽ റാണയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.