കമൽഹാസന്റെ 'അപൂർവ്വ സഹോദരങ്ങളി'ലെ അണ്ണാത്ത ആഡറാർ എന്ന ഗാനത്തിന് അനുസരിച്ച് ചുവടുവയ്ക്കുന്ന നടൻ അശ്വിൻ കുമാറിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ, അശ്വിൻ കുമാറിനെ അഭിനന്ദിക്കുകയാണ് സാക്ഷാൽ കമൽഹാസൻ. അശ്വിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമൽഹാസന്റെ ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'ഓരോ കലാകാരനും അവർ ചെയ്യുന്നത് ശ്രദ്ധിക്കപ്പെടുമോ എന്ന സംശയമുണ്ടാകും. ഈ വ്യക്തി എന്റെ ചെറിയ ഭാവങ്ങളും ചലനങ്ങളും നിരീക്ഷിക്കുകയും അതുപോലെ നൃത്തം ചെയ്യുകയും ചെയ്തിരിക്കുന്നു. അയാളുടെ പിതാവിന് ഇത് എത്ര അഭിമാനകരമായ നിമിഷമാണ്? ദീർഘനാൾ ജീവിക്കൂ മകനേ. വ്യത്യസ്ത തലമുറകൾ എന്റെ വർക്ക് ആസ്വദിക്കുന്നു എന്നറിയുന്നത് സന്തോഷവും ചാരിതാർത്ഥ്യവും നൽകുന്നു,' കമൽഹാസൻ കുറിച്ചു. ട്രെഡ് മില്ലിലാണ് അശ്വിൻകുമാറിന്റെ ഡാൻസ്. അശ്വിന്റെ അപാരമായ ബാലൻസും ഭാവങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. കുഞ്ചാക്കോ ബോബനും അജു വർഗീസുമെല്ലാം അശ്വിന്റെ ഡാൻസിനെ അഭിനന്ദിച്ചു രംഗത്തുവന്നിരുന്നു.'