covid

റോം : കൊവിഡ് വൈറസിന്റെ ഉത്ഭവത്തെ പറ്റി ഇന്നും സിദ്ധാന്തങ്ങൾ പലതാണ് പ്രചരിക്കുന്നത്. വൈറസ് ലാബിൽ നിന്നും ചോർന്നതോ ചൈന സൃഷ്ടിച്ചതോ ആണെന്ന് ചിലർ ആരോപിക്കുമ്പോൾ വവ്വാലടക്കമുള്ള ജീവികളിലും ചൈനീസ് വെറ്റ് മാർക്കറ്റുകളിലേക്കുമാണ് ഒരു വിഭാഗം വിരൽ ചൂണ്ടുന്നത്. ചൈനയിൽ ഉത്ഭവിച്ച കൊവിഡ് കനത്ത നാശം വിതച്ച ആദ്യ രാജ്യം ഇറ്റലിയാണ്. യൂറോപ്പിലെ വുഹാനായി മാറിയത് ഇറ്റലിയിലെ ലൊംബാർഡിയാണ്. എന്ത് കൊണ്ടാണ് ചൈനയ്ക്ക് പുറത്ത് ഇത്രയധികം രോഗികൾ യൂറോപ്യൻ രാജ്യമായ ഇറ്റലിയിൽ പടരാൻ കാരണം?

സ്വാഭാവികമായി ഏവരുടെയും മനസിൽ ഉദിക്കുന്ന ചോദ്യമാണ്. ചൈനയിൽ ഇപ്പോൾ 5000 ത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ഇറ്റലി, ഫ്രാൻസ്, സ്പെയിൻ അടക്കമുള്ള ശക്തരായ യൂറോപ്യൻ രാജ്യങ്ങളിൽ പതിനായിരക്കണക്കിന് പേരാണ് മരിച്ചത്. ഇറ്റലിയിൽ 34,000ൽ ഏറെ പേരാണ് മരിച്ചത്. ചൈന പുറത്തുവിട്ട കണക്കുകൾ വ്യാജമാണെന്ന് ആരോപിച്ച് പലരും മുന്നോട്ട് വന്നിരുന്നു. എഫ്.ബി.ഐ അടക്കമുള്ള ഏജൻസികളുടെ കണക്കനുസരിച്ച് ലക്ഷക്കണക്കിന് പേർക്ക് ചൈനയിൽ കൊവിഡ് വൈറസ് ബാധിച്ചിരിക്കാമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെല്ലാമുപരി വൻകിട രാഷ്ട്രങ്ങളിൽ കാട്ടു തീ പോലെയാണ് കൊവിഡ് വ്യാപിച്ചത്. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഇന്ത്യ, ഇറ്റലി, ജർമനി, ഫ്രാൻസ്, സ്പെയിൻ എന്നിവയെല്ലാം രോഗികളുടെ എണ്ണത്തിൽ മുൻ നിരയിൽ. ചൈനയോ കൊവിഡ് പട്ടികയിൽ 21ാം സ്ഥാനത്തും. അവർ പുറത്ത് വിട്ട കണക്ക് പ്രകാരം ഇതേവരെ 83,352 പേർക്കാണ് രാജ്യത്ത് രോഗബാധ കണ്ടെത്തിയത്.

മലിനജലത്തിലെ വൈറസ്

കൊവിഡ് യൂറോപ്പിനെ കീഴടിക്കിയതെങ്ങനെയെന്നാണ് ഗവേഷകർ ഇപ്പോൾ പഠന വിധേയമാക്കിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഇറ്റലിയേയും സ്പെയിനെയും. ലോകത്തെ ഏറ്റവും വലിയ സംഘടിത രാജ്യങ്ങളിലൊന്നാണ് ഇറ്റലി. വൈറസിന്റെ വരവോടെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നേരിട്ട ഏറ്റവും ഭീകരമായ പ്രതിസന്ധിയിലൂടെയാണ് ഇറ്റലി കടന്നു പോയത്. ഇറ്റാലിയൻ ശാസ്ത്രജ്ഞർ പറയുന്നത് ഡിസംബർ മാസത്തിൽ തന്നെ കൊവിഡ് ഇറ്റലിയിൽ എത്തിയിരുന്നിരിക്കാമെന്നാണ്. ഡിസംബറിൽ രണ്ട് ഇറ്റാലിയൻ നഗരങ്ങളിലെ അഴുക്കുചാലിലെ ജലത്തിൽ കൊവിഡ് വൈറസിന്റെ അംശം ഉണ്ടായിരുന്നതായാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. അതായത് രാജ്യത്ത് ഔദ്യോഗികമായി കൊവിഡ് കണ്ടെത്തുന്നതിന് വളരെ മുമ്പ് തന്നെ.

ഡിസംബർ 18ന് മിലാൻ, ടൂറിൻ നഗരങ്ങളിൽ നിന്ന് ശേഖരിച്ച ജലത്തിലാണ് കൊവിഡ് വൈറസിന്റെ ജനിതക അംശങ്ങൾ കണ്ടെത്തിയതെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് പറയുന്നത്. അങ്ങനെയെങ്കിൽ ആ സമയത്ത് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും വൈറസ് എത്തിയിരുന്നിരിക്കാമെന്നാണ് വിലയിരുത്തൽ. ഡിസംബർ അവസാനമാണ് ചൈനീസ് ഭരണകൂടം ആദ്യത്തെ കൊവിഡ് കേസുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഫെബ്രുവരി പകുതിയോടെയാണ് ഇറ്റലിയിൽ ആദ്യത്തെ കൊവിഡ് കേസ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഒക്ടോബറിനും ഫെബ്രുവരിയ്ക്കുമിടയ്ക്ക് വടക്കൻ ഇറ്റലിയിലെ വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ്പ്ലാന്റുകളിൽ നിന്നും ശേഖരിച്ച 40 സാമ്പിളുകളാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്തിൽ പഠന വിധേയമാക്കിയത്. ഒക്ടോബർ, നവംബർ മാസങ്ങളിലെ സാമ്പിളുകളിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്താനായില്ല. എന്നാൽ ഡിസംബർ 18ന് മിലാൻ, ടൂറിൻ എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിലും ജനുവരി 29ന് ബൊലോന്യ പ്രവിശ്യയിൽ നിന്നും ശേഖരിച്ച സാമ്പിളിലും വൈറസ് അംശമുണ്ടായിരുന്നു. ഇറ്റലിയിൽ കൊവിഡ് വ്യാപിച്ചതെങ്ങനെയെന്ന് കണ്ടെത്താൻ ഇത് വഴിതുറക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.


ലൊംബാർഡിയിലെ കൊഡോന്യോ പട്ടണത്തിൽ ഒരാളിലാണ് ഇറ്റലിയിൽ ആദ്യത്തെ പ്രാദേശികമായ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഇയാൾ വിദേശരാജ്യങ്ങളിലൊന്നും പോയിട്ടില്ല. ഉടൻ തന്നെ നഗരം അടയ്ക്കുകയും ഫെബ്രുവരി 21ന് ഇവിടം റെഡ്സോണായി പ്രഖ്യാപിക്കുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ തന്നെ ലൊംബാർഡി മേഖലയിലെ ഒമ്പത് നഗരങ്ങളിലും തൊട്ടടുത്ത വെനേറ്റോ മേഖലയിലും പിന്നെ രാജ്യമൊട്ടാകെയും കൊവിഡ് കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുകയും രാജ്യം മൊത്തത്തിൽ അടച്ചു പൂട്ടുകയും ചെയ്തു.

ഇറ്റലിയിൽ മാത്രമല്ല

അതേ സമയം, ജനുവരി പകുതിയോടെ ബാഴ്സലോണയിൽ നിന്നും ശേഖരിച്ച മലിനജലത്തിൽ കൊവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന് സ്പെയിനും നേരത്തെ പറഞ്ഞിരുന്നു. സ്പെയിനിൽ ആദ്യത്തെ കൊവിഡ് കേസ് സ്ഥിരീകരിക്കുന്നതിന് ഏകദേശം 40 ഓളം ദിവസങ്ങൾക്ക് മുമ്പ് ബാഴ്സലോണയിൽ വൈറസ് എത്തിയിരുന്നു. !

ഫ്രാൻസിൽ ഔദ്യോഗികമായി ആദ്യ കൊവിഡ് കേസ് സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്ത് വൈറസ് എത്തിക്കഴിഞ്ഞിരുന്നതായി ഇന്റർനാഷണൽ ജേർണൽ ഒഫ് ആന്റിമൈക്രോബിയൽ ഏജന്റ്സിലൂടെ ഫ്രഞ്ച് ഗവേഷക സംഘവും പഠനം പുറത്തുവിട്ടിരിക്കുന്നു. ജനുവരി 24നാണ് ഫ്രാൻസിൽ ഔദ്യോഗികമായി കൊവിഡ് 19 സ്ഥിരീകരിച്ചത്. വുഹാനിൽ പോയി വന്ന രണ്ട് പേർക്കാണ് ജനുവരി 24ന് രോഗം കണ്ടെത്തിയത്. എന്നാൽ പാരീസിൽ പ്രവർത്തിക്കുന്ന ഒരു ആശുപത്രിയിൽ ഡിസംബറിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയിൽ കൊവിഡ് കണ്ടെത്തിയിരുന്നതായാണ് ഗവേഷകർ കണ്ടെത്തിയത്. ഡിസംബർ രണ്ടിനും ജനുവരി 16നും ഇടയിൽ കോവിഡ് സമാന ലക്ഷണങ്ങളോടെ ആശുപത്രികളിൽ എത്തിയവരെ ഫ്രഞ്ച് മെഡിക്കൽ സംഘം പരിശോധനയ്ക്ക് വിധേയമാക്കി. ഇതനുസരിച്ച് ഇവരിൽ നിന്നും ശേഖരിച്ച് വച്ചിരുന്ന സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 42 വയസുകാരനായ അൽജീരിയൻ വംശജനിൽ നിന്നാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. മത്സ്യവില്പനക്കാരനായ ഇയാൾ വർഷങ്ങളായി ഫ്രാൻസിലാണ് ജീവിക്കുന്നത്. 2019 ഓഗസ്റ്റിൽ ഇയാൾ അൽജീരിയ സന്ദർശിച്ചിരുന്നു. എന്നാൽ ഇയാൾ ചൈനയിൽ പോയിട്ടില്ല. ഇയാളുടെ കുട്ടിയ്ക്കും രോഗം കണ്ടെത്തിയിരുന്നു.

ചൈനയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഇയാൾക്ക് മറ്റാരെങ്കിലും നിന്നും രോഗം പകർന്നതാകാമെന്നും ഡിസംബർ മുതൽ തന്നെ കൊവിഡ് യൂറോപ്പിൽ വേരുറപ്പിച്ചു കഴിഞ്ഞിരുന്നുവെന്നും ഫ്രഞ്ച് ഗവേഷകർ അഭിപ്രായപ്പെട്ടിരുന്നു.