ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്യാനായി വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ ദുർവ്യാഖ്യാനിച്ചതിനെതിരെ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്.
കഴിഞ്ഞ ദിവസമായിരുന്നു ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചത്. യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ് എത്തിയത്.
പ്രധാനമന്ത്രിയുടെ വാക്കുകൾ ദുരുദ്ദേശത്തോട് കൂടി വളച്ചൊടിക്കുകയാണെന്ന് പി.എം.ഒയുടെ പ്രസ്താവനയിൽ പറയുന്നു. ചൈന നിയന്ത്രണ രേഖയ്ക്ക് സമീപം നിർമാണ പ്രവർത്തനത്തിന് ശ്രമിക്കുകയും അതിൽ നിന്ന് പിന്മാറാനുളള ആവശ്യം തളളിക്കളയുകയും ചെയ്തതാണ് സംഘർഷത്തിന് കാരണമായതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. ചൈനയുടെ കയ്യേറ്റങ്ങളെ മുമ്പ് അവഗണിച്ചത് പോലെ അല്ല ഇന്നത്തെ സാഹചര്യം. ശക്തമായി തന്നെ നേരിടുന്നുണ്ട് എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയതെന്നും പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യൻ മണ്ണിലേക്ക് ചൈനീസ് സൈനികർ അതിക്രമിച്ചു കയറിയില്ലെങ്കിൽ ലഡാക്കിൽ എങ്ങനെ സംഘർഷമുണ്ടായി എന്ന് ചോദ്യമുയർന്നിരുന്നു. നമ്മുടെ സൈനികർ അവിടേക്ക് അതിക്രമിച്ച് കയറിയതാണോ എന്നുള്ള സംശയവും നിരവധി പേർ പങ്കുവച്ചിരുന്നു. തുടർന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണ കുറിപ്പ് ഇറക്കിയത്. ചൈന ഇന്ത്യൻ പ്രദേശങ്ങളിലേക്ക് കടന്ന് കയറിയിട്ടില്ലെങ്കിൽ പിന്നെ എവിടെ വെച്ചാണ് ഇന്ത്യയുടെ 20 പട്ടാളക്കാർ കൊല്ലപ്പെട്ടത് എന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുളളവരുടെ ചോദ്യം.