plus-two-boy

ന്യൂഡൽഹി: 'പട്ടിണിയിൽ നിന്ന് രക്ഷനേടാൻ വേറെ മാർഗമില്ല. ഉമ്മക്ക്​ മരുന്ന്​ വാങ്ങണം, സഹോദരങ്ങളെ പഠിപ്പിക്കണം, വീട്ടിലെ പട്ടിണി മാറ്റണം. ഇതിനെല്ലാം ഈ ഒരു വഴിയേ മാർമുള്ളൂ. എരിയുന്ന ചിതയേക്കാൾ ചൂടുണ്ടായിരുന്നു ചാന്ദ് മുഹമ്മദെന്ന പ്ലസ് ടു വിദ്യാർത്ഥിയുടെ വാക്കുകൾക്ക്. വടക്കുകിഴക്കൻ ഡൽഹിയിലെ സീലംപൂർ സ്വദേശിയായ ഈ 20കാരൻ കൊവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്​കരിക്കുന്ന ഡൽഹിയിലെ ശ്​മശാനങ്ങളിലൊന്നിലാണ്​ ജോലി ചെയ്യുന്നത്​. ‘ദാരിദ്യം മൂലമാണ് ഞാൻ ഈ വഴി സ്വീകരിച്ചത്​. എനിക്കറിയാം, ഇത്​ അപകടമാണെന്ന്​. വൈറസ്​ബാധയേൽക്കാനുള്ള എല്ലാ സാദ്ധ്യതകളുമുണ്ട്​. പക്ഷേ, എനിക്കീ ജോലി വേണം’ -ചാന്ദ്​ പറയുന്നു. മാതാപിതാക്കളും നാല്​​​​ സഹോദരങ്ങളുമടക്കം ഏഴുപേരടങ്ങുന്നതാണ് ചാന്ദിന്റെ കുടുംബം. മൂത്ത സഹോദരന്​ കൃഷ്​ണനഗർ മാർക്കറ്റിലെ ഒരു കടയിൽ ജോലി ഉണ്ടായിരുന്നു. ലോക്​ഡൗണിൽ അത്​ നഷ്​ടമായതോടെയാണ്​ കുടുംബം ദാരിദ്രയത്തിലായത്. ചാന്ദിനും മൂത്ത സഹോദരനും വല്ലപ്പോഴും എന്തെങ്കിലും കൂലിപ്പണി ലഭിക്കും. ഇതിൽനിന്നു കിട്ടുന്ന പണം കൊണ്ടാണ്​ ജീവിച്ചിരുന്നത്​.​ മിക്ക ദിവസവും ഒരുനേരത്തെ ഭക്ഷണം മാത്രമേ തയാറാക്കുമായിരുന്നുള്ളൂ. തൈറോയ്​ഡ്​ രോഗിയായ ഉമ്മക്ക്​ മരുന്ന്​ വാങ്ങാൻ പണമില്ലാതെ വന്നതോടെയാണ് ചാന്ദ് ഈ ജോലി തെരഞ്ഞെടുത്തത്. ഇളയ മൂന്ന്​ സഹോദരിമാർ പഠിക്കുകയാണ്​. അതിന്റെ ചെലവുകളുമുണ്ട്. ഒരാഴ്​ച മുമ്പാണ് ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ ചാന്ദിന് ജോലി ലഭിക്കുന്നത്​. കൊവിഡ് ബാധിച്ച്​ മരിക്കുന്നവരുടെ മൃതദേഹങ്ങൾ ശ്​മശാനത്തിലേക്ക്​ കൊണ്ടുപോകാനും സംസ്​കരിക്കാനും സഹായിക്കുകയാണ്​ ചെയ്യേണ്ടത്​. നിത്യവും രണ്ടോ മൂന്നോ മൃതദേഹങ്ങളെ കൈകാര്യം ചെയ്യേണ്ടതായി വരും. ഉച്ചക്ക്​ 12 മുതൽ രാത്രി എട്ടുവരെയാണ്​ ജോലി സമയം. മാസം 17,000 രൂപയാണ്​ വേതനം. ഈ ചൂടത്ത്​ പി.പി.ഇ കിറ്റ്​ ധരിച്ച്​ ജോലി ചെയ്യുന്നതി​ന്റെ വിഷമവും ചാന്ദ്​ വിവരിക്കുന്നു. ‘നല്ല ഭാരമാണതിന്​. ധരിച്ചുകഴിഞ്ഞാൽ സ്വതന്ത്രമായി ചലിക്കാനും കഴിയില്ല. ശ്വസിക്കാനും ബുദ്ധിമുട്ടാണ്. ജോലി കഴിയുമ്പോൾ വിയർത്തുകുളിക്കും. പക്ഷേ, സുരക്ഷ പ്രധാനമായതിനാൽ ധരിക്കാതെയും വയ്യ’- ചാന്ദ്​ പറയുന്നു. ‘വീട്ടിലെല്ലാവർക്കും ആശങ്കയുണ്ട്​. ഞാൻ എല്ലാ മുൻകരുതലും എടുക്കുന്നുണ്ട്. വീട്ടിലെത്തിയാൽ ഉടൻ കുളിക്കും. കുടുംബാംഗങ്ങളിൽ നിന്നും അകലം പാലിച്ചാണ് നടപ്പ് ' - ചാന്ദ്​ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കാരണം പലപ്പോളും ചാന്ദിന്റെ പഠനം മുടങ്ങിയിരുന്നു. പ്ലസ്​ ടുവിന്​ ശേഷം മെഡിസിന്​ ചേരണമെന്നാണ്​ ആഗ്രഹം. 'വീട്ടിൽ നിന്നിറങ്ങും മുമ്പ്​ ഞാൻ നമസ്​കരിക്കും. ദൈവത്തിൽ എനിക്ക്​ പൂർണവിശ്വാസമുണ്ട്​. അദ്ദേഹം എന്നെ സംരക്ഷിക്കും' - ചാന്ദ് പറഞ്ഞു നിറുത്തി.