ന്യൂഡൽഹി: വിജയ് മല്യക്കെതിരെ 2017ൽ പുറപ്പെടുവിച്ച കോടതിയലക്ഷ്യ ഉത്തരവിന് മല്യ നൽകിയ റിവ്യു ഹർജി ഇതുവരെ ലിസ്റ്റു ചെയ്യാത്തത് എന്താണെന്ന് രജിസ്ട്രി വിശദീകരിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം. അമേരിക്കയിലുള്ള തന്റെ മക്കൾക്ക് മല്യ നാല്പത് മില്യൺ അമേരിക്കൻ ഡോളർ അയച്ചു കൊടുത്തതോടെ മല്യക്കെതിരെ എസ്.ബി.ഐയുടെ നേതൃത്വത്തിൽ വായ്പ നൽകിയ ബാങ്കുകൾ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് കോടതിയലക്ഷ്യം നടത്തിയെന്ന് കോടതി അന്ന് കണ്ടെത്തിയത്.
എസ്.ബി.ഐയുടെ ഉൾപ്പടെ വിവിധ ബാങ്കുകളിൽ നിന്നായി 7000 കോടി രൂപ വായ്പയും അതിന്റെ പലിശയും ഉൾപ്പടെ 9000 കോടി രൂപ കടം തിരിച്ചടക്കാതെ മല്യ 2016ൽ രാജ്യം വിട്ട് യു.കെയിലേക്ക് പോയതോടെയാണ് വായ്പ നൽകിയ ബാങ്കുകൾ കോടതിയെ സമീപിച്ചത്. ഇതിനിടെ മക്കൾക്ക് 2017ൽ മല്യ നാല്പത് മില്യൺ അമേരിക്കൻ ഡോളർ അയച്ചു കൊടുത്തു. ഇത് ഗൗരവമേറിയ ചട്ടലംഘനമായി കണ്ട കോടതി മല്യക്കെതിരെ കോടതിയലക്ഷ്യ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. തുടർന്ന് പുനപരിശോധനാ ഹർജി മല്യ നൽകിയെങ്കിലും ഇതുവരെ സുപ്രീംകോടതി രജിസ്ട്രി അത് ലിസ്റ്റ് ചെയ്തില്ല.
ജസ്റ്റിസ് യു.യു.ലളിത്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് വിജയ് മല്യയുടെ റിവ്യു അപേക്ഷ സ്വീകരിക്കുകയും രണ്ടാഴ്ചയ്ക്കകം ലിസ്റ്റ് ചെയ്യാനുളള നടപടികൾ പൂർത്തിയാക്കാനും നിർദ്ദേശിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി രജിസ്ട്രിയിൽ ഹർജിയുമായി ബന്ധമുളള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.ലിസ്‌റ്റ് ചെയ്ത ശേഷം ക്രമത്തിനനുസരിച്ച് ഹർജി പരിഗണിക്കുമെന്നും സുപ്രിംകോടതി അറിയിച്ചു.
തന്റെ സ്വത്തിനെകുറിച്ച് മുൻപ് മല്യ നൽകിയ വിവരങ്ങളിൽ സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചിരുന്നു.അവയെ കുറിച്ച് അറിയിക്കാൻ കോടതി മല്യയോട് ആവശ്യപ്പെട്ടിരുന്നു. യു.കെയിലുളള മല്യയെ തിരികെയെത്തിക്കാനുളള യു.കെ സുപ്രീംകോടതിയിലെ കേസിൽ ജാമ്യത്തിൽ 2017 മുതൽ ജാമ്യത്തിൽ കഴിയുകയാണ് മല്യ.