മുംബയ് : ഇന്ത്യൻ ക്രിക്കറ്റിൽ തന്നോളം അവഗണന നേരിട്ട ആരുമുണ്ടാകില്ലെന്ന് മുൻ ആൾറൗണ്ടർ ഇർഫാൻ പഠാൻ. ഏകദിനത്തിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ആൾറൗണ്ടറാകാൻ തനിക്ക് കഴിവുണ്ടായിരുന്നു. എന്നാൽ സെലക്ടർമാരിൽനിന്നും ടീം മാനേജ്മെന്റിൽനിന്നും അർഹിച്ച പിന്തുണ ലഭിച്ചില്ല. സ്ട്രൈക്ക് ബൗളറായി മികവ് കാട്ടിയിരുന്ന തന്നെ ഫസ്റ്റ് ചേഞ്ച് ബൗളറായി മാറ്റിയതുമുതലാണ് കരിയർ കൈവിട്ടുപോയതെന്നും ഇർഫാൻ പറഞ്ഞു.
" ആദ്യം കളിച്ച 59 ഏകദിനങ്ങളിൽ ന്യൂബോൾ എറിയാനുള്ള ചുമതലയായിരുന്നു എനിക്ക്. അതിൽ ഞാൻ 100 വിക്കറ്റും വീഴ്ത്തി. സ്ട്രൈക്ക് ബൗളറാകുമ്പോൾ വിക്കറ്റുകിട്ടാൻ സാധ്യതയേറും. പിന്നീട് എറിയാനെത്തുമ്പോൾ റൺസ് വിട്ടുകൊടുക്കാതിരിക്കാനായിരിക്കും കൂടുതൽ ശ്രദ്ധ’ – പഠാൻ ചൂണ്ടിക്കാട്ടി.
ഇന്നത്തെ കാലത്ത് ആൾറൗണ്ടർ ഓവറിൽ ശരാശരി ആറു റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമേ നേടിയുള്ളൂവെങ്കിലും ആരും വിമർശിക്കില്ലെന്നും എന്നാൽ പണ്ട് താൻ ഇങ്ങനെ ചെയ്തപ്പോൾ കുറ്റക്കാരനായെന്നും ഇർഫാൻ പറഞ്ഞു.
ചെറുപ്രായത്തിൽ ഇന്ത്യൻ ജഴ്സിയണിയാൻ ഭാഗ്യം ലഭിച്ച ഇർഫാന്റെ അവസാന രാജ്യാന്തര മത്സരം 2012ൽ 27–ാം വയസ്സിലായിരുന്നു. "ഇന്ന് 35–37 വയസ്സിലൊക്കെ എത്രയോ താരങ്ങളാണ് രാജ്യാന്തര ക്രിക്കറ്റിൽ സജീവമായി തുടരുന്നത്. ഇംഗ്ലണ്ടിന്റെ പേസ് ബോളർ ജയിംസ് ആൻഡേഴ്സൻ ഉദാഹരണം. 35 വയസ് വരെയെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ചിത്രം മാറിയേനെ. എല്ലാം പോയില്ല. ഇനി പറഞ്ഞിട്ട് കാര്യമില്ല" – പഠാൻ ചൂണ്ടിക്കാട്ടി.
2006ൽ പാക്കിസ്ഥാനെതിരെ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഓവറിൽത്തന്നെ ഹാട്രിക് നേടിയ ബോളറാണ് പഠാൻ. ഇന്നും ഇതൊരു അപൂർവ റെക്കോർഡാണ്.
2007ലെ പ്രഥമ ട്വന്റി20 ലോകകപ്പ് ഫൈനലിൽ മാൻ ഓഫ് ദ മാച്ച് ഇർഫാൻ പഠാനായിരുന്നു.
20 ടെസ്റ്റിൽനിന്ന് 1105 റൺസ്, 100 വിക്കറ്റ്, 120 ഏകദിനത്തിൽനിന്ന് 1544 റൺസും 173 വിക്കറ്റും, 24 ട്വന്റി20 മത്സരങ്ങളിൽനിന്ന് 172 റൺസും 29 വിക്കറ്റും എന്നിങ്ങനെയാണ് ഇർഫാന്റെ കരിയർ ഗ്രാഫ്.