jayarajan

ആരോഗ്യമന്ത്രിക്കെതിരെ വിവാദ പരാമർശം ഉന്നയിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ.കൊവിഡിനേക്കാള്‍ മാരകമായ വിഷമുള്ള വൈറസാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആരോപണമുന്നയിച്ചത്.

"ശശി തരൂറിനോട് ചോദിച്ചിരുന്നുവെങ്കിൽ ടീച്ചറെ അപമാനിക്കുന്ന പരാമർശം നടത്തുമായിരുന്നില്ല. ഇത്തരം അപമാനകരമായ പ്രസംഗങ്ങൾ നടത്തുന്നവരാണ് കോവിഡ് വൈറസിനെക്കാൾ വലിയ വൈറസ്. കമ്മ്യൂണിസ്റ്റുകാരെ ഒറ്റുകൊടുക്കാൻ പൊലീസിന്റെ ചാരനായി പ്രവർത്തിച്ച പാരമ്പര്യമുള്ള ഒരാളുടെ മകനിൽ നിന്ന് കമ്മ്യൂണിസ്റ്റുകാരിയായ മന്ത്രിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിന് മാപ്പുപറയുമെന്ന് പ്രതീക്ഷിക്കാനും കഴിയില്ല"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഉപവാസം പ്രവാസികളെ സഹായിക്കാനല്ല
പ്രസംഗം സ്ത്രീത്വത്തെ അപമാനിക്കാൻ
=================================

പ്രവാസിക്ഷേമം ലക്ഷ്യമാക്കി നിരവധി പദ്ധതികൾ കൊണ്ടുവന്ന ഇടതുപക്ഷസർക്കാറിനെതിരായ ആക്ഷേപങ്ങളുന്നയിക്കാൻ പ്രതിപക്ഷം നടത്തുന്ന ശ്രമം പരിഹാസ്യമാണ്. പ്രവാസികളുടെ വരവിനെതിരായ നിലപാട് ഒരിക്കലും സർക്കാർ സ്വീകരിച്ചിട്ടില്ല. കോവിഡ് ബാധിതരെയും അല്ലാത്തവരെയും വെവ്വേറെ കൊണ്ടുവരണമെന്ന് മാത്രമാണ് സർക്കാർ പറഞ്ഞത്. സുപ്രീംകോടതിയും ഈ നിലപാടിനെ അംഗീകരിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാർ ഇറ്റലിയിൽ നിന്നും പ്രവാസി ഇന്ത്യക്കാരെ കൊണ്ടുവരുമ്പോൾ ഈ നിലപാടായിരുന്നു സ്വീകരിച്ചത്. കേന്ദ്രമന്ത്രിയും ടെസ്റ്റുകൾക്ക് ശേഷം മാത്രമേ വിമാനത്തിൽ കയറ്റൂ എന്നും പറഞ്ഞതാണ്. പിന്നീട് ഇക്കൂട്ടർ നിലപാട് മാറ്റി. അതിന് സർക്കാർ ഉത്തരവാദിയല്ല. യുഡിഎഫാവട്ടെ, കോവിഡ് ദുരിതകാലത്ത് എല്ലായ്‌പോഴും കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ശ്രമമായിരുന്നു. ജനങ്ങൾ ഓരോന്നും തിരിച്ചറിഞ്ഞു.

പ്രവാസികളുടെ കാര്യത്തിൽ ഇപ്പോൾ സ്വീകരിക്കുന്നതും അതുപോലെയാണ്. വിദേശരാജ്യങ്ങളിൽ നിന്ന് ടെസ്റ്റ് നടത്താനുള്ള കിറ്റും കേരളം നൽകുമെന്ന് പറഞ്ഞു. ഇനി നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസർക്കാരും എംബസിയുമാണ്. അതിനായി കോൺഗ്രസ്സിന്റെ 19 എം.പി.മാരും പ്രതിപക്ഷനേതാവും ഉപവാസമിരിക്കേണ്ടത് ഡൽഹിയിലാണ്. എന്നാൽ തിരുവനന്തപുരത്താണ് ഉപവാസമനുഷ്ഠിച്ചത് എന്ന് മാത്രമല്ല, ആരോഗ്യമന്ത്രിയെ അപമാനിക്കുന്ന പദപ്രയോഗങ്ങളാണ് കെ.പി.സി.സി. പ്രസിഡന്റ് ഉപയോഗിച്ചത്. നിപയെ പ്രതിരോധിച്ചത് മാതൃകാപരമാണെന്ന കാര്യം ലോകമാകെ കണ്ടതാണ്. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അമേരിക്കയിൽ ആദരം കിട്ടുകയും ചെയ്തതാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം നടത്തി എന്ന് കോൺഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ ആരോഗ്യമന്ത്രിയും ബിജെപി ഭരിക്കുന്ന ഗോവൻ ആരോഗ്യമന്ത്രിയും നേരത്തെ പറഞ്ഞത് എല്ലാവരും കണ്ടതാണ്. മുല്ലപ്പള്ളിക്ക് മഞ്ഞളിച്ച കണ്ണായതുകൊണ്ടാണ് എല്ലാം മഞ്ഞയായി തോന്നുന്നത്.

ശശി തരൂറിനോട് ചോദിച്ചിരുന്നുവെങ്കിൽ ടീച്ചറെ അപമാനിക്കുന്ന പരാമർശം നടത്തുമായിരുന്നില്ല. ഇത്തരം അപമാനകരമായ പ്രസംഗങ്ങൾ നടത്തുന്നവരാണ് കോവിഡ് വൈറസിനെക്കാൾ വലിയ വൈറസ്. കമ്മ്യൂണിസ്റ്റുകാരെ ഒറ്റുകൊടുക്കാൻ പോലീസിന്റെ ചാരനായി പ്രവർത്തിച്ച പാരമ്പര്യമുള്ള ഒരാളുടെ മകനിൽ നിന്ന് കമ്മ്യൂണിസ്റ്റുകാരിയായ മന്ത്രിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിന് മാപ്പുപറയുമെന്ന് പ്രതീക്ഷിക്കാനും കഴിയില്ല.

എം.വി. ജയരാജൻ