sachin-last-innings

ജമൈക്ക : തന്റെ അവസാന ടെസ്റ്റ് ഇന്നിംഗ്സിൽ സച്ചിൻ ടെൻഡുൽക്കർ ഒൗട്ടായി മടങ്ങുമ്പോൾ എതിർ ടീമിലെ ഫീൽഡർമാരായിരുന്ന ക്രിസ് ഗെയ്ലും താനും കണ്ണീരണിഞ്ഞിരുന്നതായി വിൻഡീസ് താരം കിർക് എഡ്വേഡ്സ്. ‘ക്രിക്ട്രാക്കറു’മായി ഇൻസ്റ്റഗ്രാം ലൈവിൽ നടത്തിയ സംഭാഷണത്തിലാണ് എഡ്വേഡ്സ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2013 നവംബറിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിന്റെ വിരമിക്കൽ ടെസ്റ്റിൽ കളിച്ച വിൻഡീസ് നിരയിൽ ഇടം ലഭിച്ചില്ലെങ്കിലും ടീമിനൊപ്പം എഡ്വേഡ്സുമുണ്ടായിരുന്നു. പകരക്കാരനായാണ് താരം ഫീൽഡിംഗിനിറങ്ങിയത്.

വാങ്കഡെയിലെ സ്വന്തം കാണികൾക്കു മുന്നിൽ വിരമിക്കൽ ടെസ്റ്റിൽ സെഞ്ചുറി തികയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ, വ്യക്തിഗത സ്കോർ 74ൽ നിൽക്കെ സച്ചിൻ പുറത്തായി.

സച്ചിൻ പുറത്തായതിനു പിന്നാലെ വാങ്കഡെയിൽ സമ്പൂർണ നിശബ്ദതയായിരുന്നു. ഇതിഹാസ താരം കളി നിർത്തിയ നിമിഷമാണിതെന്ന തിരിച്ചറിവിൽ സ്റ്റേഡിയം നിറച്ചെത്തിയ കാണികൾ എഴുന്നേറ്റുനിന്ന് കയ്യടികളോടെയാണ് സച്ചിനെ യാത്രയാക്കിയത്. സ്റ്റേഡിയത്തിലെ ആരാധകരുടെ വികാര പ്രകടനം കണ്ട് തനിക്ക് അതിയായ സങ്കടം വന്നുവെന്ന് എഡ്വേഡ്സ് വെളിപ്പെടുത്തി. തൊട്ടടുത്തു ഫീൽഡ് ചെയ്യുകയായിരുന്ന ഗെയ്‍ലും കണ്ണീർ മറയ്ക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘ ക്രിസ് ഗെയ്‍ലിന് സമീപത്തായിരുന്നു ഞാൻ. ഞങ്ങൾ രണ്ടുപേരും കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു. കണ്ണീർ താഴേക്കു വീഴാതിരിക്കാൻ പരമാവധി ശ്രമിച്ചു. വളരെ വേദനിപ്പിച്ച നിമിഷമായിരുന്നു അത്. ആ മനുഷ്യൻ വീണ്ടും കളത്തിലിറങ്ങുന്നത് കാണാനാകില്ലല്ലോ എന്ന ചിന്ത ഞങ്ങളെ തകർത്തുകളഞ്ഞു’ – എഡ്വേഡ്സ് പറഞ്ഞു.