ആലപ്പുഴ: വടിവാളും മാരകായുധങ്ങളുമായി ഗുണ്ടകൾ വീട്ടിൽ അതിക്രമിച്ച് കയറാന്‍ ശ്രമം. കായംകുളത്ത് എരുവയിലാണ് സംഭവം. കാപ്പ കേസിൽ അടക്കം പ്രതിയായ ആഷിക്കിന്‍റെ വീട്ടിലാണ് സംഭവം നടന്നത്. പുലർച്ചെ മൂന്ന് മണിയോടെ ഒരു സംഘം മാരകായുധങ്ങളുമായി വീട്ടിലെത്തി വാതിൽ തുറക്കാൻ വെല്ലുവിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
വാതിൽ തുറക്കാത്തതിൽ തടർന്ന് റോഡരികിൽ വടിവാൾ കൊണ്ട് പലതിലും വെട്ടി. വിവരം അറിഞ്ഞ് കായംകുളം പൊലീസ് സ്ഥലത്തെത്തി ഗുണ്ടകളെ കീഴ്പ്പെടുത്തുകയായിരുന്നു. വീട്ടുടമയും ക്രിമിനൽ കേസ് പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് കായംകുളം പൊലീസ് പറഞ്ഞു. ഫിറോസ് ഖാൻ, അജ്‍മല്‍, ഷമീം, സഫ്‍തര്‍ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.