drone-found-

കാശ്‌മീർ: കാശ്‌മീരിലെ കത്വവയിൽ പാക്കിസ്ഥാന്റെ ചാര ഡ്രോൺ അതിർത്തി രക്ഷാ സേന വെടിവച്ചിട്ടു. ഡ്രോണിൽ നിന്ന് അമേരിക്കൻ നിർമ്മിത ആയുധങ്ങളും കണ്ടെത്തി. പട്രോളിംഗിനിടെ ഇന്നലെ രാവിലെ 5.10 ഓടെയാണ് ബി.എസ്.എഫ് ഡ്രോൺ വെടിവച്ചിട്ടത്.

അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും 250 മീറ്റർ ഇന്ത്യൻ പ്രദേശത്തേക്ക് ഡ്രോൺ സഞ്ചരിച്ചതിനെ തുടർന്നാണ് വെടിവച്ചിട്ടത്. ഒൻപത് റൗണ്ട് വെടിയുതിർത്തതിന് ശേഷമാണ് ഡ്രോൺ തകർന്ന് വീണത്. ഒരു എം 4 യു.എസ് നിർമ്മിത തോക്ക്, രണ്ട് മാസികകൾ, 60 റൗണ്ട് വെടിയുണ്ടകൾ, ഏഴ് ഗ്രനേഡുകൾ എന്നിവയാണ് ഡ്രോണിൽ നിന്നും കണ്ടെടുത്തത്. നേരത്തെ രജൗരിയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയതായി സുരക്ഷ സേന അറിയിച്ചു.

ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്താൻ പാകിസ്ഥാൻ ഇത്തരം ഡ്രോണുകൾ ഉപയോഗിക്കാറുണ്ടെന്നാണ് വിവരം.

അതിനിടെ, കാശ്‌മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിറുത്തൽ കരാർ ലംഘിച്ചു. ബാരാമുള്ളയിലെ രാംപൂരിലാണ് വെടിവയ്പ്പ് നടന്നത്. ആക്രമണത്തിൽ നാല് പ്രദേശവാസികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം, ബാരമുള്ളയിൽ സുരക്ഷ സേന നാല് ഭീകരരെ പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.