china-face-off

ന്യൂഡൽഹി: ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്‌പന്നങ്ങളുടെ സമ്പൂർണ വിവരങ്ങൾ തിങ്കളാഴ്‌ചയ്ക്കകം അറിയിക്കാൻ വ്യവസായ-വാണിജ്യ ലോകത്തോട് കേന്ദ്രസർക്കാർ നിർദേശിച്ചു. ലഡാക്ക് വിഷയത്തിൽ ചൈനയ്ക്കെതിരെ ഇന്ത്യ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നതിന്റെ മുന്നോടിയായാണ് ഈ നിർദേശമെന്നാണ് വിലയിരുത്തൽ.

തിങ്കളാഴ്‌ച ഇന്ത്യൻ കമ്പനികളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട് പരിശോധിച്ച ശേഷം, അവശ്യേതര വസ്‌തുക്കളുടെ ഇറക്കുമതി പൂർണമായും നിരോധിച്ചേക്കും. ഈ ഉത്‌പന്നങ്ങൾക്ക് പകരം ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കുന്നവ ഉപയോഗിക്കാൻ നിർദേശിക്കും. ചൈനയെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുകയും 'സ്വയം ആശ്രിത ഇന്ത്യ" (ആത്മനിർഭർ ഭാരത്) എന്ന കാമ്പയിന് കൂടുതൽ കരുത്തേകുകയുമാണ് കേന്ദ്ര ലക്ഷ്യം.

വാഹനങ്ങളും വാഹന നിർമ്മാണ സാമഗ്രികളും, മൊബൈൽഫോണുകൾ, മരുന്ന് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്‌തുക്കൾ, കളിപ്പാട്ടങ്ങൾ, പ്ളാസ്‌റ്റിക്കുകൾ, ഫർണീച്ചറുകൾ, ഓർഗാനിക് കെമിക്കലുകൾ, സോളാർ പാനലുകൾ തുടങ്ങിയവയാണ് ചൈനയിൽ നിന്ന് ഇന്ത്യ നിലവിൽ വൻതോതിൽ ഇറക്കുമതി ചെയ്യുന്നത്.

3 ആശയങ്ങൾ

'ആത്മനിർഭർ ഭാരത്" എന്ന ലക്ഷ്യത്തിനായി ആദ്യഘട്ടത്തിൽ മൂന്ന് ആശയങ്ങളാണ് കേന്ദ്രം ആലോചിക്കുന്നതെന്നാണ് സൂചന.

1. ഹ്രസ്വകാലം : ചൈനീസ് ഉത്‌പന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തും

2. മദ്ധ്യകാലം : ചൈനീസ് ഉത്പന്നങ്ങൾക്ക് ബദൽ കണ്ടെത്തും

3. ദീർഘകാലം : ഇന്ത്യയെ മാനുഫാക്‌ചറിംഗ് ഹബ്ബ് ആയി മാറ്റും

ആത്മനിർഭർ ഇന്ത്യ

സർക്കാർ കരാറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ചൈനീസ് കമ്പനികളെ കേന്ദ്രം ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്. റെയിൽ, ബി.എസ്.എൻ.എൽ കരാറുകളിൽ നിന്ന് ചൈനീസ് കമ്പനികൾ ഔട്ട് ആയി. സ്വകാര്യ കമ്പനികളോടും ചൈനീസ് ആശ്രയത്വം കുറയ്ക്കാൻ നിർ‌ദേശിക്കുന്നതിന്റെ ഭാഗമാണ്, ഉത്‌പന്നങ്ങളുടെ വിശദാംശം തേടൽ.

₹8 ലക്ഷം കോടി

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് നിലവിൽ ചൈന (ഹോങ്കോംഗ് ഉൾപ്പെടെ). കഴിഞ്ഞ സാമ്പത്തിക വർഷം ചൈനയുമായുള്ള വ്യാപാരം ഏകദേശം എട്ടുലക്ഷം കോടി രൂപയുടേതായിരുന്നു. ഏകദേശം 6.50 ലക്ഷം കോടി രൂപയുമായി അമേരിക്കയാണ് രണ്ടാമത്.