കോന്നി : ഭാര്യയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടതിന് പിന്നാലെ ഭർത്താവ് അച്ചൻകോവിലാറ്റിൽ ചാടി ജീവനൊടുക്കി. അട്ടച്ചാക്കൽ മണിയൻപാറ മുട്ടത്തുവടക്കേതിൽ ഗണനാഥനും (67) ഭാര്യ രമണിയുമാണ് (58) മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് - ജോത്സ്യനായ ഗണനാഥന്റെ രണ്ടാം ഭാര്യയാണ് രമണി. 15 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് ഗണനാഥൻ കഴുത്ത് മുറിഞ്ഞ്, ചോരപുരണ്ട ശരീരവുമായി വീട്ടിൽ നിന്ന് പുറത്തേക്ക് വരുന്നത് അയൽവാസികൾ കണ്ടത്. തുടർന്ന് ഭാര്യ മരിച്ചെന്ന് പറഞ്ഞശേഷം ഇയാൾ വീടിനു സമീപത്തെ വാലുകടവിലേക്ക് ഓടിപ്പോയി ആറ്റിൽ ചാടുകയായിരുന്നു. തുടർന്ന് നാട്ടുകാർ പഞ്ചായത്തംഗം ദീനാമ്മ റോയിയെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് രമണിയുടെ മൃതദേഹം വീട്ടിൽ കണ്ടത്. മുറിയിൽ രക്തക്കറ കണ്ടെങ്കിലും മൃതദേഹത്തിൽ മുറിവുകളില്ലായിരുന്നു. ഭാര്യ മരിച്ചത് കണ്ട് ഗണനാഥൻ ആത്മഹത്യക്ക് ശ്രമിച്ചപ്പോഴുണ്ടായ രക്തമാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെ സമീപത്തെ കടവിലടിഞ്ഞ ഗണനാഥന്റെ മൃതദേഹം നാട്ടുകാർ കരയിലെത്തിക്കുകയായിരുന്നു. രമണിയുടെ മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇവർക്ക് മക്കളില്ല.