cm-

തിരുവനന്തപുരം : ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരായ പരാമർശത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പൊതുപ്രവർത്തകൻ എങ്ങനെയാകരുതെെന്ന് ആ കോൺഗ്രസ് നേതാവ് തെളിയിച്ചെന്ന് പിണറായി പറഞ്ഞു.

കേരളത്തെക്കുറിച്ച് നല്ലത് കേൾക്കുന്നതാണ് മുല്ലപ്പള്ളിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നത്. കേരളത്തെക്കുറിച്ച് നല്ലത് കേൾക്കുമ്പോൾ മലയാളികൾക്ക് അഭിമാനമാണ് തോന്നുന്നത്. എന്നാൽ മുല്ലപ്പള്ളിക്ക് അത് കേൾക്കുമ്പോൾ ക്ഷോഭമാണ് വരുന്നത്. ആ ക്ഷോഭം മലയാളികളെ ബാധിക്കില്ല. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന വിധമാണ് നാം കൊവിഡിനെ ചെറുത്തത്. കൊവിഡിന് ലോകത്തൊരിടത്തും മരുന്നുപോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ നാം രോഗബാധയെ ചെറുത്തുനിറുത്തി. ആരോഗ്യരംഗത്തെ ഫലപ്രദമായ ഇടപെടൽ കൊണ്ടും ലോകത്തെ ഫലഭാഗങ്ങളിലെ സാഹചര്യങ്ങൾ പഠിച്ചുകൊണ്ടുള്ള പ്രവർത്തനം കൊണ്ടും

ആരോഗ്യപ്രവർത്തകരുടെ ആത്മാർപ്പണം കൊണ്ടുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരുപത്രം എഴുതിയ മുഖപ്രസംഗവും മുല്ലപ്പള്ളിയ്ക്കെതിരെ മുഖ്യമന്ത്രി ഉദ്ധരിച്ചു: പ്രവാസികളെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾ അവഗണിക്കുന്നു എന്നാരോപിച്ച് ചെന്നിത്തല നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുമ്പോൾ മുല്ലപ്പള്ളി നടത്തിയ പ്രസ്താവന പാർട്ടിക്ക് എന്നല്ല നാടിന് തന്നെ വലിയ നാണക്കേട് വരുത്തി വയ്ക്കുന്നു. അന്ന് നിപ രാജകുമാരി, ഇന്ന് കൊവിഡ് റാണി എന്നീ പദവികൾക്കാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നത്. സ്വന്തം നാവിന്‍റെ വിലയും നിലയും അവനവൻ തിരിച്ചറിയണം. വില കെട്ട വാക്കുകൾ ഒരു വനിതയ്ക്ക് നേരെ ഉപയോഗിക്കുമ്പോൾ അത് നിന്ദ്യമാകുന്നു.

സർക്കാർ നിലപാടുകളിലെ വിയോജിപ്പ് പറയുന്നത് അന്തസ്സോടും ബഹുമാനത്തോടെയുമാകണം. നിപ പോരാളികളുടെ ആത്മധൈര്യം കെടുത്തുന്ന പരാമർശമാണ് കെ.പി.സി.സി പ്രസിഡന്റിറേത്. സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉൻമാദാവസ്ഥയുടെ തടവുകാരനാവുകയാണ് അദ്ദേഹം.. കേരളത്തെക്കുറിച്ച് നല്ലത് പറയുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നുണ്ടെങ്കിൽ എത്ര അധഃപതിച്ച മനസ്സാണത്? അദ്ദേഹത്തെ അസഹിഷ്ണുവാക്കുന്നതെന്ത്?

കേരളം ലോകത്തിന് മാതൃകയാകുന്നു. അദ്ദേഹത്തിന്‍റെ മനോനിലയുടെ പ്രതിഫലനമാണിത്. സ്ത്രീവിരുദ്ധവുമാണ്. ഇങ്ങനെയാണോ സ്ത്രീകളെ നിങ്ങൾ കാണുന്നത്? ഇങ്ങനെ പറഞ്ഞാലേ അണികളുടെ കയ്യടി കിട്ടൂ എന്ന് കരുതിയാണോ. തരംതാണ പരാമ‌ർശമായിപ്പോയി ഇത്. ഇത് വെറും മന്ത്രിക്കെതിരായ പരാമർശം മാത്രമല്ല, കേരളം ഒന്നാമതെത്തിയത് സഹിക്കാനാകാഞ്ഞിട്ടുള്ള ക്ഷോഭം കൂടിയായിട്ടാണ്.

ആ ക്ഷോഭം കൊണ്ട് പേശികൾക്ക് അധ്വാനം കൂടുമെന്നല്ലാതെ വേറൊന്നുമില്ല. രാഷ്ട്രീയ തിമിരം ബാധിച്ച് യാഥാർത്ഥ്യം കാണാതെ പോയ മനസ്സിന്‍റെ ജൽപനം മാത്രമാണിത്. രോഗപ്രതിരോധത്തെ പരാജയപ്പെടുത്താൻ പല മാതിരി ശ്രമിച്ചവർ ഇത്തരം പ്രസ്താവന നടത്തുന്നതിനെ അവഗണിക്കുകയല്ലേ നല്ലത്? രോഗം വരുമ്പോൾ ഒരുമിച്ച് നിൽക്കുകയല്ലേ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.