rahyasabha

ന്യൂഡൽഹി: ഏറ്റവും പുതിയ രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നലെ പുറത്ത് വരുമ്പോൾ രാജ്യത്തെ ഉപരിസഭയിൽ അൽപംകൂടി അംഗബലം കൂട്ടിയിരിക്കുകയാണ് മുഖ്യ ഭരണകക്ഷിയായ ബിജെപി. പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് ഉള‌ളതിനെക്കാൾ ഇരട്ടിയിലധികം സീറ്റുകൾ നിലവിൽ ബിജെപിക്കുണ്ട്. 41 സീറ്റാണ് കോൺഗ്രസിന് ബിജെപിക്കോ 86ഉം. രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന രാജ്യസഭയുടെ ഇലക്ഷൻ ഫലം വന്നതോടെ ആകെ 245 സീറ്റിൽ മുഖ്യ ഭരണകക്ഷിയായ എൻഡിഎയ്ക്ക് നൂറിനടുത്ത് അംഗങ്ങളാണ് ഉള‌ളത്. മുന്നണിയുമായി സൗഹൃദമുള‌ള എഐഡിഎംകെ-9 സീറ്റ്, ബിജെഡി-9, വൈ.എസ്.ആർ. കോൺഗ്രസ്-6 എന്നീ പാർട്ടികളും മറ്റ് ചെറു പാർട്ടികളും ചേർന്നാൽ രാജ്യസഭയിലും നിലവിൽ ഭൂരിപക്ഷം എൻഡിഎയ്ക്ക് തന്നെയാണ്.

61 സീറ്റുകളിൽ നടത്തിയ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ 42 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 19 സീറ്റുകളിൽ തിരഞ്ഞെടുപ്പ് വേണ്ടി വന്നു.ഇതിൽ വിജയിച്ച അംഗങ്ങളിൽ എട്ടുപേർ ബിജെപിയും 4 വീതം കോൺഗ്രസും വൈ.എസ്.ആർ. കോൺഗ്രസുമാണ്. മറ്റ് പാർട്ടികൾക്ക് മൂന്ന് സീറ്റും ലഭിച്ചു. സംസ്ഥാനങ്ങളിൽ മറ്റ് പാർട്ടികൾക്ക് പ്രത്യേകിച്ച് കോൺഗ്രസിന് ബാധിച്ചിരിക്കുന്ന അപചയമാണ് ബിജെപിക്ക് രാജ്യസഭയിൽ ഇത്തവണ ഗുണമായത്. ഒന്നാം മോദി ഗവണ്മെന്റിന്റെ സമയത്ത് രാജ്യസഭയിൽ ബിജെപി ന്യൂനപക്ഷമായതിനാൽ നടപ്പാക്കാനാകാത്ത കാര്യങ്ങൾ ഇതോടെ നടത്താൻ പാർട്ടിക്ക് ധൈര്യമേറും.

ആകെ സീറ്റുകളിൽ 17 എണ്ണം ബിജെപിയും 9 സീറ്റുകളിൽ കോൺഗ്രസും, ജെഡിയു മൂന്നും, ബിജു ജനതാദൾ, ത്രൃണമൂൽ കോൺഗ്രസ് ഇവ നാല് വീതവും എഐഡിഎംകെ, ഡിഎംകെ ഇവ മൂന്ന് വീതവും എൻ.സി.പി,ആർജെഡി,തെലങ്കാന രാഷ്ട്ര സമിതി ഇവ രണ്ട് വീതവും മറ്റുള‌ളവർ ഓരോന്നും സീറ്റ് നേടി.

കോൺഗ്രസ്,തൃണമൂൽ കോൺഗ്രസ്, ഇടത് പാർട്ടികൾ എന്നിങ്ങനെ മുഖ്യ പ്രതിപക്ഷ കക്ഷികളുടെ ശക്തി ഇല്ലാതാകുകയാണെന്ന് കഴിഞ്ഞ വർഷം ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ 303 സീറ്റുകൾ തന്നെ സൂചിപ്പിക്കുന്നുണ്ട്. മുഖ്യ പ്രതിപക്ഷ പാർട്ടികൾക്ക് തുടർന്ന് ഓരോ തവണ രാഷ്ട്രീയ പരാജയം സംഭവിച്ചപ്പോഴും ബിജെപി കുതിരകച്ചവടം നടത്തുന്നു എന്ന് ആരോപിക്കേണ്ടി വന്നു.

ഇന്ത്യൻ ഭരണഘടനയിൽ കാശ്‌മീരിന് പ്രാധാന്യം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനും ജമ്മു കാശ്‌മീരിനെ രണ്ടായി വിഭജിക്കാനും മുത്തലാഖ് ബില്ല് പാസാക്കാനും, പൗരത്വ ബില്ലിലും ബിജെപിക്ക് ഒപ്പം ലോക്‌സ‌ഭ നിൽക്കാൻ പ്രതിപക്ഷ പാർട്ടികളുടെ പരാജയവും ഐക്യമില്ലായ്‌മയും സഹായിച്ചു.

തിരഞ്ഞെടുക്കപ്പെട്ട 61 അംഗങ്ങളിൽ 43 പേർ പുതുമുഖങ്ങളാണ്. ഇതിൽ ബിജെപിയുടെ ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസിന്റെ മല്ലികാർജ്ജുന ഖർഗെയും 2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരാണ്. മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും മുൻ ലോക്‌സഭാ ഡെപ്യൂട്ടി സ്‌പീക്കർ എം.തമ്പിദുരൈയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം മോദി സർക്കാരിന്റെ ആദ്യ വർഷം രാജ്യസഭയിൽ വേണ്ടത്ര ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് മികച്ച അവസരമാണ് നിലവിലെ ഇലക്ഷൻ വിജയം നൽകിയിരിക്കുന്നത്. എന്നാൽ 2018 നിരവധി സംസ്ഥാനങ്ങളിൽ സംഭവിച്ച തെരഞ്ഞെടുപ്പ് പരാജയം വരുംകാലങ്ങളിൽ പാർട്ടിക്ക് തലവേദനയായേക്കാം.