തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കൊവിഡ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെത്തുടർന്ന് നഗരത്തിൽ സാമൂഹ്യ അകലം പാലിക്കുന്നതുൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ പൊലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബസ് സ്റ്റോപ്പുകളിലും മാർക്കറ്റുകളിലും ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മൂന്ന് പ്രത്യേക പട്രോളിംഗ് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
മാനദണ്ഡങ്ങൾ ലംഘിച്ച് കടകൾ പ്രവർച്ചിത്താൽ പിന്നെ തുറക്കാൻ അനുവദിക്കില്ല. ഇനി അത്തരത്തിലുള്ള നടപടികളിലേക്ക് പോകേണ്ട സാഹചര്യമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്ന് പുതുതായി 127 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 57 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.