ambani

മുംബയ്: ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ച് റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 6,450 കോടി ഡോളറിന്റെ (4.91 ലക്ഷം കോടി രൂപ) ആസ്‌തിയുമായി ഒമ്പതാം സ്ഥാനത്തേക്കാണ് 63കാരനായ അംബാനി കുതിച്ചെത്തിയത്. ഗൂഗിൾ സ്ഥാപകരായ ലാറീ പേജ് (10), സെർജീ ബ്രിൻ (11) എന്നിവരാണ് മുകേഷിന് തൊട്ടുപിന്നിൽ യഥാക്രമം ഉള്ളത്.

ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലീസൺ, ഫ്രഞ്ച് പേഴ്‌സണൽ കെയർ ബ്രാൻഡ് ലോറിയലിന്റെ മേധാവിയും ലോകത്തെ ഏറ്റവും സമ്പന്ന വനിതയുമായ ഫ്രാങ്കോ ബേറ്റെൻകോർട്ട് മേയേഴ്‌സ് എന്നീ പ്രമുഖരെയും അദ്ദേഹം പിന്തള്ളി. ഫോബ്‌സിന്റെ റിപ്പോർട്ട് പ്രകാരം മാർച്ചിൽ 3,680 കോടി ഡോളർ (2.80 ലക്ഷം കോടി രൂപ) ആസ്‌തിയുമായി 21-ാം സ്ഥാനത്തായിരുന്നു മുകേഷ്. ഏഷ്യയിലെ ഏറ്റവും സമ്പന്നനും മുകേഷാണ്. ചൈനീസ് ശതകോടീശ്വരൻ ജാക്ക് മാ, വാൾമാർട്ട് കുടുംബം, മെക്‌സിക്കൻ ശതകോടീശ്വരൻ കാർലോസ് സ്ളിം എന്നിവരെയും അദ്ദേഹം പിന്നിലാക്കി.

റിലയൻസ് ജിയോയിലേക്ക് കഴിഞ്ഞ രണ്ടുമാസത്തിനിടെ എത്തിയ വൻ നിക്ഷേപങ്ങളാണ് മുകേഷിന്റെ ആസ്‌തി വർദ്ധിക്കാൻ വഴിയൊരുക്കിയത്. റിലയൻസിന്റെ മൊത്തം മൂല്യം 11 ലക്ഷം കോടി രൂപയും കടന്നു. റിലയൻസിനെ കടബാദ്ധ്യതയില്ലാത്ത കമ്പനിയാക്കി മാറ്രാനും ഈ നിക്ഷേപങ്ങളിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു.

42%

1980കളുടെ തുടക്കത്തിലാണ്, അച്‌ഛൻ ധീരുഭായ് അംബാനിയുടെ നിർ‌ദേശപ്രകാരം മുകേഷ് റിലയൻസിൽ എത്തുന്നത്. നിലവിൽ, റിലയൻസ് ഇൻഡസ്‌ട്രീസിൽ 42% ഓഹരി പങ്കാളിത്തമാണ് അദ്ദേഹത്തിനും കുടുംബത്തിനും ഉള്ളത്.

₹1788.60

കഴിഞ്ഞ മാർച്ചിൽ 900 രൂപയ്ക്ക് താഴെയായിരുന്ന റിലയൻസിന്റെ ഓഹരിവില കഴിഞ്ഞ വാരാന്ത്യമുള്ളത് 1,759.50 രൂപയിൽ. വെള്ളിയാഴ്‌ച ഒരുവേള മൂല്യം 1,788.60 രൂപവരെ ഉയർന്നിരുന്നു.

₹1.68 ലക്ഷം കോടി

ജിയോയിലേക്കുള്ള നിക്ഷേപം, അവകാശ ഓഹരി വില്പന എന്നിവയിലൂടെ കഴിഞ്ഞ 58 ദിവസത്തിനിടെ റിലയൻസ് നേടിയത് 1.68 ലക്ഷം കോടി രൂപയാണ്. ഫേസ്ബുക്കിൽ നിന്നുൾപ്പെടെ 1.15 ലക്ഷം കോടി രൂപയുടെ നിക്ഷേപം ജിയോയിലേക്ക് ഒഴുകി. 53,124 കോടി രൂപ അവകാശ ഓഹരി വില്പന വഴിയും നേടി.

11 ലക്ഷം കോടി

കഴിഞ്ഞവാരം ഓഹരിവില 1,788.60 രൂപയിലേക്ക് ഉയർന്നതോടെ, റിലയൻസിന്റെ മൊത്തം മൂല്യം 11 ലക്ഷം കോടി രൂപ കടന്നിരുന്നു. ഈ നാഴികക്കല്ല് പിന്നിട്ട ആദ്യ ഇന്ത്യൻ കമ്പനിയാണ് റിലയൻസ്.

₹1.61 ലക്ഷം കോടി

കഴിഞ്ഞ മാർച്ചിലെ കണക്കുപ്രകാരം 1.61 ലക്ഷം കോടി രൂപയായിരുന്നു റിലയൻസിന്റെ അറ്റ കടബാദ്ധ്യത. ജിയോ ഓഹരി വില്പനയും അവകാശ ഓഹരി വില്പനയും വഴി 1.68 ലക്ഷം കോടി രൂപ സമാഹരിച്ചതോടെ, കടബാദ്ധ്യത ഇല്ലാത്ത കമ്പനിയായി റിലയൻസ് മാറി. 2021 മാർച്ചിനകം റിലയൻസിനെ കടബാദ്ധ്യത ഇല്ലാത്ത കമ്പനിയാക്കുമെന്നായിരുന്നു മുകേഷിന്റെ പ്രഖ്യാപനം.