
ന്യൂഡൽഹി : ഗൽവാൻ താഴ്വര ചൈനയുടേതെന്ന അവകാശവാദം തള്ളി ഇന്ത്യ രംഗത്തെത്തി. താഴ്വരയിൽ വർഷങ്ങളായി ഇന്ത്യ പട്രോളിംഗ് നടത്തുന്നുണ്ട്. കടന്നുകയറാൻ ശ്രമിച്ച ചൈനീസ് സേനയ്ക്ക് ഇന്ത്യ ചുട്ട മറുപടി നൽകുകയായിരുന്നെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.
പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾ നടക്കുന്നതായും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ സർവകക്ഷിയോഗത്തിൽ, ഇന്ത്യയുടെ അതിർത്തിയ്ക്ക് ഇപ്പുറത്തേക്ക് കടന്നുകയറ്റം ഉണ്ടായില്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് പി.എം.ഒയ്ക്ക് പിന്നാലെ വിദേശകാര്യമന്ത്രാലയവും വിശദീകരണവുമായി രംഗത്തെത്തുന്നത്.
മേയ് ആദ്യവാരം മുതൽ ചൈനീസ് സേന ഇന്ത്യയുടെ പട്രോളിംഗ് തടസ്സപ്പെടുത്തുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതാണ് ഇവിടെ സംഘർഷങ്ങളുണ്ടാകാൻ കാരണം. ഇതിൽ ഗ്രൗണ്ട്തല കമാൻഡർമാർ ഇടപെട്ട് പ്രശ്നപരിഹാരത്തിന്‍റെ അവസാനഘട്ടത്തിലാണ് വീണ്ടും സംഘർഷമുണ്ടാകുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.