തിരുവനന്തപുരം: ആരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തന്റെ രാഷ്ട്രീയ ശൈലിയല്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആരോഗ്യമന്ത്രി കെ.കെ..ശൈലജയ്ക്കെതിരായ പരാമർശത്തെത്തുടർന്ന് വ്യാപക വിമർശനമുയർന്നതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. നിപ പ്രതിരോധ പ്രവർത്തനത്തിൽ സ്വന്തം ജീവൻ തൃണവത്കരിച്ച് മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചവരാണ് ഡോക്ടർമാരും നഴ്‌സുമാരും ആശാ-അംഗൻവാടി പ്രവർത്തകരും. അവരാണ് അത്തരമൊരു വിജയത്തിന്റെ ശില്പികൾ. ആ വിജയത്തിന്റെ കിരീടം മറ്റാരെങ്കിലും തട്ടിയെടുക്കുന്നത് ശരിയല്ലെന്നാണ് താൻ പറഞ്ഞതെന്ന് ഐ.എൻ.സി. കേരളയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ആരെയും താൻ ആക്ഷേപിച്ചിട്ടില്ല. ഏതൊരു മന്ത്രിയും ചെയ്യുന്നതുപോലെ ഗസ്റ്റ് ഹൗസിലും കളക്ടറേറ്റിലും വന്നുകൊണ്ട് അവലോകനം നടത്തുകയാണ് മന്ത്രി ചെയ്തത്. അത്തരം മോണിറ്ററി പ്രവർത്തനം നടത്തിയതിൽ ഞാൻ മന്ത്രിയെ അക്കാലത്ത് തന്നെ അഭിനന്ദിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഗസ്റ്റ് ആർട്ടിസ്റ്റ് എന്നു താൻ വിശേഷിപ്പിച്ചത്. കൊവിഡ് പ്രവർത്തനങ്ങളുമായി 42 അന്താരാഷ്ട്ര ജേണലുകളിൽ ലോകത്തിന് തന്നെ ഏറ്റവും പ്രശസ്തമായ നിലയിൽ കേരളമാണെന്ന് പ്രചാരണമാണ് സർക്കാർ നടത്തിയത്. ബ്രിട്ടീഷ് ഗാർഡിയൻ ആരോഗ്യമന്ത്രി റോക്ക് സ്റ്റാർ എന്നാണ് വിശേഷിപ്പിച്ചതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ആരോഗ്യമന്ത്രിയെ കുറിച്ച് തെറ്റായ ഒരു പദപ്രയോഗവും ഞാൻ നടത്തിയിട്ടില്ല. എന്നും സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയാണ് ഞാൻ. സ്ത്രീകളുടെ ഉന്നമനത്തിനും അവകാശപോരാട്ടത്തിനും മുന്നിൽ നിൽക്കുന്ന പൊതുപ്രവർത്തകനാണ്. അത് കേരളീയ പൊതുസമൂഹത്തിനറിയാം. ഈ അവസരത്തിൽ എന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്ന സി.പി.എം നേതാക്കൾ എത്രയോ തവണ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയവരാണ്.
കേരളത്തിലെ ജീവിച്ചിരിക്കുന്ന വന്ദ്യവയോധികയും ഉത്തമ കമ്മ്യൂണിസ്റ്റുമാണ് കെ.ആർ.ഗൗരിയമ്മ. കൗരവ സദസിൽ വസ്ത്രാക്ഷേപത്തിന് വിധേയയായ ദ്രൗപതിയെക്കാൾ കടുത്ത പീഡനമാണ് തന്റെ പാർട്ടിയിൽ നിന്ന് അവർ അനുഭവിച്ചത്. ഗൗരിയമ്മ തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. ഷാനിമോൾ ഉസ്മാൻ, ലതികാ സുഭാഷ്, രമ്യ ഹരിദാസ് ഉൾപ്പെടെയുള്ള മഹിളാ കോൺഗ്രസ് നേതാക്കളെ എത്ര തരംതാണതും മോശവുമായ പദങ്ങളുപയോഗിച്ചാണ് അവഹേളിച്ചത്. മുഖ്യമന്ത്രിയെപ്പോലെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായി തുടരെ സ്വഭാവഹത്യ നടത്തിയ നേതാവിനെ ഇന്നുവരെ കേരളം കണ്ടിട്ടില്ല. ഇപ്പോൾ തനിക്കെതിരായ പടപ്പുറപ്പാട് കൊവിഡ് പ്രതിരോധങ്ങൾ പാളിയതിലെ ജാള്യത മറയ്ക്കാനാണ്.
നിപ കാലത്ത് പേരാമ്പ്ര ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ എം.പി എന്ന നിലയ്ക്ക് മണ്ഡലത്തില്‍ തന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കളക്ടർ വിളിച്ച യോഗത്തിൽ ഞാൻ പങ്കെടുത്തിരുന്നു. എം.പി എന്ന നിലയിൽ തന്റെയും യു.ഡി.എഫിന്റെയും എല്ലാ സഹകരണവും ജില്ലാ ഭരണകൂടത്തിനും സർക്കാരിനും വാഗ്ദാനം ചെയ്തതാണ്. അന്ന് അത് വളരെ പ്രാധാന്യത്തൊടെ തന്നെ മാദ്ധ്യമങ്ങൾ വാർത്തയും നല്‍കിയതാണ്.
നിപ പോരാളിയായ ലിനിയുടെ ഭർത്താവ് തന്നെ കുറിച്ച് ആരോപിച്ചത് തെറ്റാണ്. ലിനിയുടെ ഭർത്താവിനെ പ്രാദേശിക നേതാവിന്റെ ഫോണിൽനിന്ന് വിളിച്ചിരുന്നു. ആദ്യം വിളിച്ച പൊതുപ്രവർത്തകൻ താനാണെന്ന് അന്ന് സജീഷ് പറഞ്ഞിരുന്നു. ഇപ്പോൾമാറ്റിപറയുന്നത് ശരിയാണോയെന്ന് അദ്ദേഹം സ്വന്തം മനഃസാക്ഷിയോട് ചോദിക്കുന്നാണ് ഉചിതം. ലിനിക്ക് മരണാനന്തര ബഹുമതി നൽകണമെന്ന് താനും കെ.സി വേണുഗോപാലും എം.കെ.രാഘവനും എം.പിമാർ എന്ന നിലയില്‍ൽ അന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പറഞ്ഞ കാര്യങ്ങളെല്ലാം നൂറ് ശതമാനം സത്യമാണ്. ആരെയും താൻ സ്വഭാവഹത്യ നടത്താറില്ല. മ്ലേച്ഛമായ പദപ്രയോഗം എതിരാളിക്കെതിരെ ഉപയോഗിക്കുന്നത് മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
വിവാദം മനപൂര്‍വ്വം; സ്ത്രീവിരുദ്ധതയല്ല തന്റെ ശൈലി: മുല്ലപ്പള്ളി
അരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തന്റെ രാഷ്ട്രീയ...
Posted by Indian National Congress - Kerala on Saturday, 20 June 2020