മലപ്പുറം : രണ്ടുദിവസം മുൻപ് ഡൽഹിയിൽ നിന്ന് വന്നയാൾ ക്വാറന്റൈനിൽ കഴിയാതെ സുഹൃത്തിനെ കാണാനിറങ്ങിയത് കാരണം ആശങ്കയിലായത് 11 പേർ. കഴിഞ്ഞദിവസം കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസിൽ സഞ്ചരിച്ചവരാണ് യാത്രയ്ക്കിടെ നിരീക്ഷണത്തിലായത്. ഇവരിൽ ഡ്രൈവറും കണ്ടക്ടറും ഒഴികെ ബാക്കിയുള്ളവർ കോട്ടയം, എറണാകുളം ജില്ലക്കാരാണ്. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ എല്ലാവരോടും വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. എടപ്പാളിലും കുന്നംകുളത്തും ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താനായിട്ടില്ല.
ബസ് പേരാമംഗലത്ത് എത്തിയപ്പോഴാണ് യാത്രക്കാരിലൊരാൾ തനിക്ക് ശ്വാസംമുട്ടുന്നതായും തലകറക്കം അനുഭവപ്പെടുന്നതായും കണ്ടക്ടറെ അറിയിച്ചത്. കാസർകോട്ടുനിന്നാണ് വരുന്നതെന്നും 2 ദിവസം മുൻപ് ഡൽഹിയിൽനിന്ന് എത്തിയതാണെന്നും പറഞ്ഞു. നിരീക്ഷണത്തിൽ കഴിയുന്നതിന് പകരം ആലുവയിലെ സുഹൃത്തിന്റെ പക്കലുള്ള പാസ്പോർട്ട് വാങ്ങാൻ പുറപ്പെട്ടതായിരുന്നു ഇയാൾ.
വിവരം അറിയിച്ചപ്പോൾ ബസ് നേരെ ഡിപ്പോയിലെത്തിക്കാൻ അധികൃതർ നിർദേശിച്ചു. സ്റ്റാൻഡിലെത്തിയ ഉടൻ യാത്രക്കാരനെ 108 ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസ് ജീവനക്കാരടക്കം യാത്രക്കാരെ കിലയിലെ ക്വാറന്റൈൻ കേന്ദ്രത്തിലുമെത്തിച്ചു. ഇവിടെനിന്ന് കൊവിഡ് കേന്ദ്രത്തിലെത്തിച്ച ഇവർക്ക് വേണ്ട നിർദേശങ്ങൾ നൽകിയശേഷം വീടുകളിലേക്ക് അയക്കുകയായിരുന്നു.