കാഠ്മണ്ഡു: ഇന്ത്യയുടെ ഭാഗമായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉൾപ്പെടുത്തിയ ഭൂപടം പരിഷ്ക്കരിക്കാനുള്ള ഭരണഘടന ഭേദഗതി ബിൽ പാസാക്കിയതിന് പിന്നാലെ വീണ്ടും പ്രകോപനവുമായി നേപ്പാൾ.. കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാനാണ് നേപ്പാളിന്റെ നീക്കം. ക്യാമ്പ് നിർമ്മിക്കുന്നതിന് മുന്നോടിയായി കാലാപാനി അതിർത്തി പ്രദേശത്ത് നേപ്പാൾ പട്ടാള മേധാവി പൂർണ ചന്ദ്ര ഥാപ്പ ബുധനാഴ്ച സന്ദർശനം നടത്തിയിരുന്നു.
അതിർത്തിക്കടുത്ത് ഒരു സൈനിക ക്യാമ്പ് സ്ഥാപിക്കാനൊരുങ്ങുന്നുവെന്ന് നേപ്പാൾ വിദേശകാര്യ വകുപ്പ് ഡെപ്യൂട്ടി മേധാവി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇവിടേക്ക് നേരിട്ട് റോഡില്ല. അതിനാൽ റോഡ് നിർമ്മിക്കാനുള്ള ചുമതല സൈന്യത്തിന് നല്‍കുന്നു. കാലാപാനിക്കടുത്തുള്ള ചാങ്രുവിൽ സായുധ പൊലീസ് സേനയുടെ അതിർത്തി പോസ്റ്റ് സ്ഥാപിച്ചതായി ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു,
പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ലിന് നേപ്പാൾ പാർലമെന്റിന്റെ ഉപരിസഭ ഏകകണ്ഠമായാണ് അംഗീകാരം നല്‍കിയത്. ഇരുസഭകളിലും ബിൽ പാസായതോടെ ഇനി പ്രസിഡന്റിനെ അംഗീകാരം മാത്രമേ ലഭിക്കേണ്ടതുള്ളൂ.