covid

തിരുവനന്തപുരം : കൊവിഡ് ഭീതിയിലായ തലസ്ഥാനനഗരിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. നഗരത്തിലെ കണ്ടെയ്ൻമെന്റ് സോണുകളായ മണക്കാട്, ആറ്റുകാൽ,കാലടി വാർഡുകൾ അടച്ചു. ഇടറോഡുകളുൾപ്പെടെ ബന്തവസ് ചെയ്ത നഗരത്തിൽ യാത്രയ്ക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളുൾപ്പെടെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനും കർശനമായ നിബന്ധനകൾ ഏർ‌പ്പെടുത്തി.

കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ, ആട്ടോ ഡ്രൈവർ, മൊബൈൽ ഷോപ്പ് ഉടമ എന്നിവർക്കും മരിച്ച വഞ്ചിയൂർ സ്വദേശിക്കും എവിടെ നിന്ന് രോഗം ബാധിച്ചുവെന്ന കാര്യത്തിൽ ഇപ്പോഴും ജില്ലാ ഭരണകൂടത്തിന് വ്യക്തത വന്നിട്ടില്ല. ആറ്റുകാൽ സ്വദേശിയായ ആട്ടോ ഡ്രൈവർക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിക്കുകയും രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതെ പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ നിർദേശപ്രകാരം നടപടികൾ ശക്തമാക്കിയത്. ആട്ടോ ഡ്രൈവറു

ടെയും കുടുംബത്തിന്റെയും സമ്പർക്ക പട്ടിക വളരെ വിപുലമാണ്. ഇവരുമായി കഴിഞ്ഞ ദിവസങ്ങളിൽ ഇടപെട്ടവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ചുവരികയാണ്. ഇവരുടെ റൂട്ട് മാപ്പ് ഇന്ന് വൈകുന്നേരത്തോടെ പുറത്ത് വിടാനാണ് ശ്രമം. ഇവരുമായി പ്രാഥമിക സമ്പർക്കമുണ്ടെന്ന് കണ്ടെത്തിവരെയെല്ലാം ഹോം ക്വാറന്റൈലാക്കിത്തുടങ്ങി. ആട്ടോ ഡ്രൈവറെന്നതിലുപരി നാടക പ്രവർത്തകനും കലാകാരനുമെന്ന നിലയിൽ വിപുലമായ സൗഹൃദമാണ് ഇവർക്കുളളത്. ഉറവിടം കണ്ടെത്താൻ കഴിയാത്ത കേസുകളുടെ എണ്ണം തലസ്ഥാനത്ത് കൂടുന്ന സാഹചര്യത്തിൽ സമ്പർക്കത്തിലൂടെ രോഗം പകരാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഇന്ന് മുതൽ ആൾക്കൂട്ടം ഒഴിവാക്കാൻ സിറ്റി പൊലീസ് കർശന നിയന്ത്രണം ആരംഭിച്ചത്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങൾക്ക് നിയന്ത്രണമുണ്ടാകും. സാമൂഹ്യ അകലമടക്കമുള്ള കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയെടുക്കും

നിലവിൽ കാലടി ജംഗ്ഷൻ, ആറ്റുകാൽ, മണക്കാട് ജംഗ്ഷൻ, ചിറമുക്ക് കാലടി റോഡ്, ഐരാണിമുട്ടം എന്നിവിടങ്ങളാണ് കണ്ടെയ്ൻമെന്റ് സോണുകളായുള്ളത്. ഇവിടങ്ങളിൽ പ്രധാന റോഡുകളിലേക്കുള്ള ഇടറോഡുകൾ അടച്ചു. ആട്ടോറിക്ഷയിലും, ടാക്‌സിയിലും ഡ്രൈവർമാർ യാത്രക്കാരുടെ വിവരങ്ങൾ ഡയറിയിൽ സുക്ഷിക്കാനും നിർദ്ദേശമുണ്ട്. നിയമലംഘനം ഇല്ലെന്ന് ഉറപ്പ് വരുത്താൻ കണ്ടെയ്ൻമെന്റ് സോണുകളിലടക്കം മുഴുവൻ സമയവും പൊലീസ് പട്രോളിംഗുമുണ്ടാകും.

രോഗഭീതിയെ തുടർന്ന് മണക്കാട് മാർക്കറ്റ് നഗരസഭ അടച്ചു. നഗരത്തിലെ പ്രധാന മാർക്കറ്റായ പാളയത്ത് സാധനങ്ങൾ വാങ്ങാനെത്തുന്നവരെ നിയന്ത്രിക്കാൻ നഗരസഭാ ജീവനക്കാരെ വിന്യസിച്ചു.മാർക്കറ്റിലെ കടകളിൽ ആളുകൾ കൂട്ടം കൂടുന്നത് തടയാനും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് നിയന്ത്റണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരായ നടപടികളും ശക്തമാക്കിയിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്താൻ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിലെ മുഴുവൻ കടകളുടെയും സ്ഥാപനങ്ങളുടെയും പരിസരവും ബസ് സ്റ്റോപ്പുകളും പ്രധാന ജംഗ്ഷനുകളുമെല്ലാം അണുനശീകരണം നടത്തിവരികയാണ്. പ്രവേശന പരീക്ഷയെ തുടർന്ന് ഞായർ ലോക്ക് ഡൗൺ നിയന്ത്രണത്തിന് ഇന്ന് ഇളവ് അനുവദിച്ചെങ്കിലും അതിന്റെ പേരിൽ ആളുകൾ അനാവശ്യനായി കൂട്ടം കൂടുകയും കറങ്ങി നടക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ നഗരത്തിൽ പൊലീസ് പരിശോധന വ്യാപകമാക്കി.

വാഹന പരിശോധനയ്ക്ക് പുറമേ വ്യാപാര സ്ഥാപനങ്ങളിലും ഇന്ന് മുതൽ പരിശോധന നടത്തും. സാമൂഹ്യ അകലം പാലിക്കുന്നതുൾപ്പെടെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗികളെ കണ്ടെത്താൻ നഗരത്തിൽ ജൻറൽ ആശുപത്രി, താലൂക്ക് , കമ്യൂണിറ്റി ഹെൽത്ത് സെന്റർ തലങ്ങളിൽ സ്രവപരിശോധനാ സംവിധാനം ആവിഷ്കരിച്ചു.രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുവരെ സ്രവ പരിശോധനയ്ക്കുള്ള സൗകര്യമാണ് ക്രമീകരിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണവും ഉറവിടം കണ്ടെത്താത്ത കേസുകളുടെ എണ്ണവും വ്യാപകമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തെ സ്ഥിതിഗതികൾ വിലയിരുത്താനും കടുത്ത നടപടികൾ കൈക്കൊള്ളാനുമായി നാളെ ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കടകമ്പള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം ചേരും.

സെക്രട്ടേറിയറ്റിനു മുന്നില്‍ സമര നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്. തിരുവനന്തപുരം നഗരത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗ ബാധ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സാമൂഹ്യ അകലം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യയ പറഞ്ഞു. ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ യാത്രക്കാരുടെ വിവരം സൂക്ഷിക്കണം. കണ്ടെയ്ന്‍മെന്റ് സോണിലെ ഇടറോഡുകള്‍ ഇന്നു മുതല്‍ അടച്ചിടും.