വാഷിംഗ്ടൺ: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിന് ഇരുകൂട്ടരെയും സഹായിക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദുർഘടമായ സന്ദർഭമാണിതെന്നും ഈ അവസരത്തിൽ ഞങ്ങൾ ഇന്ത്യയോടും ചൈനയോടും സംസാരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. വലിയ പ്രതിസന്ധിയാണ് ഇരു രാജ്യങ്ങളും അഭിമുഖീകരിക്കുന്നതെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.
"വലിയ പ്രശ്നമാണ് അവിടെ നടക്കുന്നത്. ഇന്ത്യയും ചെെനയും തമ്മിൽ അടിപിടിയിലേക്കെത്തിയിരിക്കുന്നു. എന്താണ് സംഭവിക്കുന്നത് ഞങ്ങൾ നിരീക്ഷിക്കുകയാണ്. ഞങ്ങൾ അവരെ സഹായിക്കാൻ ശ്രമിക്കും"-ട്രംപ് വ്യക്തമാക്കി.
ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായിരുന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സെെനികർ കൊല്ലപ്പെട്ടിരുന്നു. സംഘർഷത്തിൽ 35ഓളം ചെെനീസ് സെെനികരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി യു.എസ് രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചിരുന്നു.
ലഡാക്കിലെ ചൈനയുമായുള്ള സംഘർഷത്തിൽ ഇന്ത്യക്ക് പിന്തുണ നൽകുന്ന നിലപാടാണ് യു.എസ് ഇതുവരെ സ്വീകരിച്ചത്. ചൈനയാണ് അതിർത്തി തർക്കം വഷളാക്കുന്നതെന്നായിരുന്നു അമേരിക്കയുടെ ആരോപണം. അതിർത്തി തർക്കത്തിൽ ചൈനയെ രൂക്ഷമായി വിമർശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തുകയും ചെയ്തിരുന്നു.