panamera-4

 ആനിവേഴ്‌സറി എഡിഷൻ എത്തി

ജർമ്മൻ അത്യാഡംബര, ഹൈ-പെർഫോമൻസ് വാഹന നിർമ്മാതാക്കളായ പോർഷേയുടെ ശ്രദ്ധേയ സ്‌പോർട്‌സ് കാറായ പനമേര 4ന് പത്താം പിറന്നാൾ. ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ആനിവേഴ്‌സറി എഡിഷനും പോർഷേ അവതരിപ്പിച്ചു. നാല് ഡോറുകളും നാല് സീറ്രുകളും മനോഹരമായ സിൽഹൗട്ടുമുള്ള പനമേരയെ പോർഷേ 2009ലാണ് ഇന്ത്യയ്ക്ക് പരിചയപ്പെടുത്തുന്നത്.

വാർഷിക പതിപ്പിൽ സ്‌റ്റാൻഡേർഡായി കൂടുതൽ എക്വിപ്‌മെന്റുകൾ പോർഷേ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിലയിൽ വലിയ മാറ്റവുമില്ല. വാർഷിക പതിപ്പിന് മാത്രമായി പ്രത്യേക ഡിസൈൻ കൂട്ടുകളും കാണാം. ആനിവേഴ്‌സറി എഡിഷന് അനുയോജ്യമായ, സ്‌റ്റൈലിഷ് സാറ്റിൻ-ഗ്ലോസ് വൈറ്ര് ഗോൾഡ് മെറ്രാലിക്, 21-ഇഞ്ച് പനമേര സ്‌പോർട്ട് ഡിസൈൻ വീലുകൾ, മുൻ ഡോറുകളിലെ വൈറ്ര് ഗോൾഡ് മെറ്രാലിക് പനമേര ലോഗോകൾ എന്നിവ വാഹനത്തിന് നല്ല അഴകേകുന്നു.

അകത്തളത്തിൽ ഡോർ എൻട്രി ഗാർഡുകളിലും ഈ ലോഗോ കാണാം. ഫ്രണ്ട് പാസഞ്ചർ ട്രിം പാനലിലും ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ലോഗോ, ആനിവേഴ്‌സറി പതിപ്പിന് കൂടുതൽ തിളക്കവും സമ്മാനിക്കുന്നു. ബ്ളാക്ക് പാർഷ്യൽ ലെതറാണ് അകത്തളത്തിൽ ഉടനീളം കാണാനാവുക. ഇതിൽ വൈറ്ര് ഗോൾഡ് തുന്നലുപയോഗിച്ച് അലങ്കാരപ്പണികളും ചെയ്‌തിട്ടുണ്ട്.

അത്യാധുനിക ഫീച്ചറുകൾക്ക് പുറമേ ആഡംബരത്തിന്റെയും സുരക്ഷയുടെയും കൂട്ടുകളായി പി.ഡി.എൽ.എസ്. പ്ളസോടുകൂടിയ എൽ.ഇ.ഡി മെട്രിക് ഹെഡ്‌ലൈറ്റുകൾ, ലെയ്ൻ ചേഞ്ച് അസിസ്‌റ്ര്, റിവേഴ്‌സ് വ്യൂ കാമറയോട് കൂടിയ പാർക്ക് അസിസ്‌റ്ര്, പനോരമിക് സൺറൂഫ്, 14 തരത്തിൽ ക്രമീകരിക്കാവുന്ന കംഫർട്ട് സീറ്റുകൾ - അതിൽ പോർഷേ ക്രെസ്‌റ്ര്, സോഫ്‌റ്ര്-ക്ളോസ് ഡോറുകൾ, ഡിജിറ്റൽ റേഡിയോ, ബോസ് സറൗണ്ട് സൗണ്ട് സിസ്‌റ്രം എന്നിവയും സ്റ്റാൻഡേർഡായി ഉൾക്കൊള്ളിച്ചിരിക്കുന്നു.

പോർഷേ ആക്‌ടീവ് സസ്‌പെൻഷൻ മാനേജ്‌മെന്റോട് (പി.എ.എസ്.എം) കൂടിയ 3-ചേംബർ എയർ സസ്‌പെൻഷൻ, പവർ സ്‌റ്രിയറിംഗ് പ്ളസ് എന്നിവയും സ്‌റ്രാൻഡേർഡാണ്. ഓൾ-വീൽ ഡ്രൈവ് സംവിധാനമുള്ള പനമേര 4 പത്താം വാർഷിക എഡിഷന്റെ ഹൃദയം 2.9 ലിറ്രർ, ബൈടർബോ, വി-6 എൻജിനാണ്. 330 പി.എസ് ആണ് കരുത്ത്.

₹1,60,46,000

(ഡൽഹി എക്‌സ്ഷോറൂം വില)

262 Km/h

ടോപ് സ്‌പീഡ്

100 Km/h

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ടത് 5.3 സെക്കൻഡ്.

2.50 ലക്ഷം

ആഗോളതലത്തിൽ ഇതിനകം പോർഷേ പനമേര 4ന്റെ രണ്ടരലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്.